ദില്ലി: രാജ്യത്തെ തെരഞ്ഞെടുത്ത ട്രെയിനുകൾ സ്വകാര്യമേഖലയ്ക്ക് കൈമാറാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ നീക്കം. തിരക്ക് കുറഞ്ഞ, വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യമുള്ള റൂട്ടുകളിൽ ഈ തീരുമാനം നടപ്പാക്കാനാണ് ശ്രമമെന്ന് ബിസിനസ് സ്റ്റാന്റേർഡ് റിപ്പോർട്ട് ചെയ്യുന്നു.

രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ് എന്നിവയെ ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ട്. നാല് മാസത്തിനകം ഇതിനായുള്ള ടെണ്ടർ നടപടികൾ ആരംഭിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ട്രെയിനുകൾ ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷന് കൈമാറും. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന, എന്നാൽ തിരക്ക് കുറഞ്ഞതുമായ റൂട്ടുകളിലാണ് ഈ ട്രെയിനുകൾ ഓടിക്കുക.

തീരുമാനം അടിച്ചേൽപ്പിക്കാനല്ല റെയിൽവെ നീക്കം. മറിച്ച് തൊഴിലാളി സംഘടനകളോടും ഇന്ത്യൻ റെയിൽവെയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഭ്യുദയകാംക്ഷികളുടെയും അഭിപ്രായം തേടും. 

കഴിഞ്ഞ വർഷം നീതി ആയോഗ് റെയിൽവെ രംഗത്ത് കൂടുതൽ സ്വകാര്യ പങ്കാളിത്തം വേണമെന്ന് നിർദ്ദേശിച്ചിരുന്നു. ലോക്കോമോട്ടീവിന്റെ ഉടമസ്ഥാവകാശം, റെയിൽവെ സ്റ്റേഷനുകളുടെ ആധുനിക വത്കരണം എന്നിവയിൽ സ്വകാര്യ പങ്കാളിത്തം വേണമെന്നായിരുന്നു നീതി ആയോഗിന്റെ നിർദ്ദേശം.