ചെന്നൈ: ഹോം ക്വാറന്‍റൈനിലായിരുന്ന യുവാവ് നഗ്നനായി പുറത്തേക്കോടി അയൽവാസിയായ വൃദ്ധയെ അക്രമിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം. ക്വാറൻ്റൈനിലായിരുന്ന യുവാവിന് മാനസിക പ്രശ്നമുണ്ടായതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

തേനി ബോഡിനായ്ക്കന്നൂരിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. ശ്രീലങ്കയിൽ നിന്നും ഒരാഴ്ച മുമ്പാണ് 34-കാരനായ മണികണ്ഠൻ  നാട്ടിലെത്തിയത്. കൊവിഡ് ഭീതിയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ഇന്നലെ രാത്രി നഗ്നനായി വീട്ടിൽ നിന്നും ഇയാൾ ഓടി  പോകുകയായിരുന്നു. കണ്ണിൽ കണ്ടെതെല്ലാം നശിപ്പിച്ചു. സമീപത്തെ വീടിന് പുറത്ത് വിശ്രമിച്ചിരുന്ന 80 കാരിയായ നാച്ചിയമ്മാളിന്റെ കഴുത്തിൽ  കടിച്ച് പറിച്ചു. നാച്ചിയമ്മളിന്റെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയാണ് മണികണ്ഠനെ പിടിച്ച് മാറ്റിയത്. ഉടൻ നാച്ചിയമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. 

നാട്ടുകാർ ബലം പ്രയോഗിച്ചാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പിന്നീട് പൊലീസിന് കൈമാറി. തുണി കച്ചവടം നടത്തിയിരുന്ന മണികണ്ഠന് സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായിരുന്നെന്നും, ഹോം ക്വാറൻ്റൈനിൽ കഴിഞ്ഞ ദിനങ്ങളിൽ അസാധാരണമായി പെരുമാറിയിരുന്നെന്നും വീട്ടുകാർ മൊഴി നൽകി. ഇയാളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക സമ്മർദം കുറയ്ക്കാൻ സംസ്ഥാന വ്യാപകമായി കൗൺസിലിം​ഗ് ഏർപ്പെടുത്തുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി.