R Hari Kumar: ചരിത്രം, അഭിമാനം; നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി, ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും
പശ്ചിമ നേവൽ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രിൽ മാസം വരെയാകും കാലാവധി. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983-ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്

ദില്ലി: നാവിക സേന മേധാവിയായി (Indian Navy Chief) വൈസ് അഡ്മിറൽ ആര്‍ ഹരികുമാര്‍ (R Harikumar) ഇന്ന് ചുമതലയേൽക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബീര്‍ സിംഗിൽ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറൽ ആര്‍ ഹരികുമാര്‍ ഏറ്റെടുക്കും. പശ്ചിമ നേവൽ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രിൽ മാസം വരെയാകും കാലാവധി.
തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983-ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎൻഎസ് വിരാട്, ഐഎൻഎസ് റണ്വീർ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇൻഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവൽ കമാൻഡിൻ്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്.
പിന്നാലെയാണ് 39 വർഷത്തെ അനുഭവപരിചയുമായി ഇന്ത്യൻ നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹം അവരോധിക്കപ്പെടുന്നത്. പരം വിശിഷ്ഠ് സേവ മെഡൽ , അതി വിശിഷ്ഠ് സേവാമെഡൽ, വിശിഷ്ഠ് സേവാമെഡൽ എന്നിവ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. തന്റെ കഠിനാധ്വാനവും പ്രൊഫഷണലിസവുമാണ് നേട്ടത്തിന് കാരണമെന്ന് ഹരികുമാർ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സമുദ്രത്തിലെ സമാധാനം വലിയ ഉത്തരവാദിത്വമാണ്.
സമുദ്രത്തിലെ സമാധാനം വലിയ ഉത്തരവാദിത്വം; വെല്ലുവിളികൾ നേരിടാൻ സജ്ജമെന്ന് നാവിക സേനാ മേധാവി ഹരികുമാർ
വ്യാപാര മേഖല ഈ സമാധാന ക്രമം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പാക്കിസ്ഥാനൊപ്പം ചൈനയും ഇപ്പോൾ സമാധാന അന്തരീക്ഷത്തിന് ഭീഷണി ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കൂടി വരുന്നുണ്ട്. ഇതിനെ നേരിടാൻ തയ്യാറെടുപ്പുകൾ ആവശ്യമാണ്. തദ്ദേശീയമായി നിർമ്മിക്കുന്ന കപ്പലുകളുടെ എണ്ണം കൂട്ടും, കപ്പലുകളും മുങ്ങിക്കപ്പലുകളുമായി 40 എണ്ണം നിർമ്മാണത്തിലിരിക്കുകയാണ് ഇപ്പോൾ തന്നെ. 2035 വരെയുള്ള പ്ലാൻ തയ്യാറാണെന്നും നാവിക സേനയുടെ പുതിയ മേധാവി വ്യക്തമാക്കിയിരുന്നു.