Asianet News MalayalamAsianet News Malayalam

റഫാൽ കേസ്; പുനപരിശോധന ഹർജിയിൽ വാദം അവസാനിച്ചു, തെര‌ഞ്ഞെടുപ്പിന് മുമ്പ് വിധിയില്ല

കേസ് വിധി പറയാനായി മാറ്റി. രണ്ടാഴ്ചക്കകം വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. ഇതോടെ കേസിൽ ലോകസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് വിധിയുണ്ടാകില്ലെന്ന് വ്യക്തമായി.

rafale case in supreme court
Author
Delhi, First Published May 10, 2019, 3:45 PM IST

ദില്ലി: റഫാൽ കേസിൽ പുനപരിശോധന ഹർജിയിൽ വാദം അവസാനിച്ചു. കരാറിലെ പ്രധാന വിവരങ്ങൾ കോടതിയിൽ മറച്ചു വച്ചുവെന്നും കേന്ദ്രത്തിന് ക്ലീൻ ചിറ്റ് നൽകിയ വിധിയിൽ പിഴവുകളുണ്ടെന്നും ഹർജിക്കാരനായ പ്രശാന്ത് ഭൂഷൺ വാദിച്ചു. വില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ വ്യവസ്ഥ ഉണ്ടെന്നാണ് ഇതിന് എജി മറുപടി നൽകിയത്.

കേസ് വിധി പറയാനായി മാറ്റി. രണ്ടാഴ്ചക്കകം വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. ഇതോടെ കേസിൽ ലോകസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് വിധിയുണ്ടാകില്ലെന്ന് വ്യക്തമായി.

ചീഫ് ജസ്റ്റിസ് ര‍ഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗ‍ച്ചത്. ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയതാണ് ബെഞ്ച്. രണ്ട് മണിക്കൂർ വാദിക്കാൻ വേണമെന്ന പ്രശാന്ത് ഭൂഷണിന്‍റെ ആവശ്യം ചീഫ് ജസ്റ്റിസ് നിരാകരിച്ചു. ഒരു മണിക്കൂറാണ് പ്രശാന്ത് ഭൂഷണ് വാദിക്കാനായി അനുവദിച്ചത്. 

ക്ലീൻ ചിറ്റ് നൽകിയ വിധിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രശാന്ത് ഭൂഷൺ കരാർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എഫ് ഐ ആർ ഇട്ട് അന്വേഷിക്കണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും വ്യക്തമാക്കി. സിഎജി വില സംബസിച്ച് പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച പ്രശാന്ത് ഭൂഷൺ ഇതാദ്യമായാണ് ഒരു കരാറിലെ വില വിലയിരുത്താതെ സി എ ജി അംഗീകരിക്കുന്നതെന്ന് വാദിച്ചു.

 2019 ൽ സിഎജി വില പരിശോധിക്കാൻ പോകില്ലെന്ന് 2018ൽ സർക്കാർ എങ്ങിനെ മുൻകൂട്ടി അറിഞ്ഞുവെന്ന് ചോദിച്ച അഭിഭാഷകൻ അഴിമതി വിരുദ്ധ നിയമത്തിന്‍റെ പരിധിയിൽ നിന്ന് കരാറിനെ ഒഴിവാക്കിയ കാര്യം കോടതിയിൽ നിന്ന് മറച്ചുവെച്ചുവെന്നും ഇടനിലക്കാരനോ കമ്മീഷനോ ഇടപാടിലുണ്ടായാൽ നടപടി ഇല്ലാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നു ആരോപിച്ചു. അടിസ്ഥാന വില അഞ്ചു ബില്യൻ യൂറോ ആയിരുന്നുവെന്ന് പറഞ്ഞ പ്രശാന്ത് ഭൂഷൺ അന്തിമ വില 55.6% വരെ ഉയർന്നുവെന്നും ഇത് വീണ്ടും ഉയരുമെന്നും ചൂണ്ടിക്കാട്ടി.

വില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ വ്യവസ്ഥ ഉണ്ടെന്നാണ് ഇതിന് എജി മറുപടി നൽകിയത്. വില വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിരുന്നില്ലെന്നും നടപടിക്രമങ്ങൾ മാത്രമാണ് ചോദിച്ചതെന്നും പറഞ്ഞ എജി അത് ഹാജരാക്കിയതായി വ്യക്തമാക്കി. അതിൽ ചെറിയ പിഴവ് ഉണ്ടെകിൽ പോലും വിധി പുനപരിശോധിക്കാൻ അത് തക്കതായ കാരണം അല്ലെന്നും അറ്റോണി ജനറൽ വാദിച്ചു.

വില വിവരങ്ങൾ ഇന്ത്യ ഫ്രാൻസ് സർക്കാരുകൾ  തമ്മിലുള്ള 2008ലെ കരാറിന്‍റെ ഭാഗമാണെന്നും അതുകൊണ്ട് വില വിവരങ്ങൾ പരസ്യപ്പെടുത്താൻ ആകില്ലെന്നും റിട്ട് ഹർജിയിലെ വാദങ്ങൾ ആവർത്തിക്കുക മാത്രമാണ് ഹർജിക്കാർ ചെയ്തതെന്നും എ ജി വാദിച്ചു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടാലേ അന്വേഷണം നടത്തേണ്ടതുള്ളൂവെന്നും എ ജി വാദിച്ചു.

സോവറീൻ ഗ്യാരന്‍റി ഇല്ലാതെ നേരത്തെയും കരാറുകൾ ഒപ്പിട്ടുണ്ടെന്ന് പറഞ്ഞ അറ്റോർണി ജനറൽ. റഷ്യയും അമേരിക്കയും ആയി ഉള്ള കരാറുകളിൽ സോവറീൻ ഗ്യാരന്‍റി ഇല്ലായിരുന്നുവെന്നും ലൈറ്റർ ഓഫ് കംഫർട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നു വ്യക്തമാക്കി. റഫാലിലും ലറ്റർ ഓഫ് കംഫർട്ട് സ്വീകരിച്ചതിനെ കുറ്റപ്പെടുത്താനാകില്ലെന്നാണ് എജി വാദം

Follow Us:
Download App:
  • android
  • ios