ദില്ലി: ബിഹാറിലെ മസ്തിഷ്ക ജ്വരം മൂലമുള്ള കുട്ടികളുടെ മരണം രാജ്യസഭ ചർച്ച ചെയ്യുന്നു. ബിനോയ് വിശ്വം എം പി യാണ് വിഷയം രാജ്യസഭയിലുന്നയിച്ചത്. കുഞ്ഞുങ്ങളെ സർക്കാർ കൊല്ലുകയാണെന്നും അടിയന്തരമായി മരുന്നും പശ്ചാത്തല സൗകര്യവും കേന്ദ്രം ഒരുക്കണമെന്നും എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ബിനോയ് വിശ്വത്തെ പിന്തുണച്ച് നിരവധി എംപിമാർ രാജ്യസഭയിൽ എഴുന്നേറ്റ് നിന്നു. ലോക്സഭയിലും വിഷയം ചർച്ചയായെടുത്തു. 

വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ഇടത് എംപിമാർ ആവശ്യപ്പെട്ടു. ബിഹാർ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായം നൽകണമെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു. ബിഹാറിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും എം പി കൂട്ടിച്ചേർത്തു. 

അതേ സമയം ബിഹാറിലെ മുസാഫർപൂരിന് പിന്നാലെ കൂടുതല്‍ ജില്ലകളിലേക്ക് മസ്തിഷ്ക ജ്വരം വ്യാപിക്കുകയാണ്. സമസ്തിപൂര്‍, ബങ്ക, വൈശാലി ജില്ലകളില്‍ നിന്നാണ് രോഗ ലക്ഷണങ്ങളുമായി കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈശാലിയിലെ ഹാജിപ്പൂരില്‍ പതിനഞ്ച് കുട്ടികളെത്തി. സമസ്തിപൂരില്‍ രോഗ ലക്ഷണങ്ങളുമായെത്തിയ ഏഴ് കുട്ടികളില്‍ മൂന്ന് പേരെ മുസഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. അതിലൊരു കുട്ടി മരിച്ചു.  

ബങ്കയിലെ കട്ടോരിയ ഗ്രാമത്തില്‍ രണ്ട് വയസ്സുള്ള കുട്ടി മരിച്ചതോടെ ആരോഗ്യ വകുപ്പ് പരിശോധനകള്‍ ഊര്‍ജിതമാക്കി. മുസഫര്‍പൂരിനോട് ചേര്‍ന്ന് നില്‍ക്കുന്ന റാഞ്ചിയിലും ജില്ലാ ഭരണകൂടം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 128 കുട്ടികള്‍ മരിച്ച മുസഫര്‍പൂരില്‍ ചികിത്സയില്‍ കഴിയുന്ന 24 കുട്ടികളുടെ നില ഗുരുതരമാണ്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം നൂറിലേറെ കുട്ടികളാണ് മരിച്ചത്. രണ്ട് ആശുപത്രികളിലായി മുന്നൂറിലേറെ കുട്ടികൾ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.