ദില്ലി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ തൊഴിൽ നിയമം ഭേദ​ഗതി ചെയ്യുന്നതിനെ എതി‍ർത്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കൊവിഡിനെതിരെ പോരാടേണ്ടത് തൊഴിൽ നിയമങ്ങൾ ഭേദ​ഗതി ചെയ്യുന്നതിനുള്ള ന്യായമല്ലെന്ന് രാഹുൽ വിമ‍ർശിച്ചു. 

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനത്തിന് താത്കാലിക ശമനം വന്നതോടെ കേന്ദ്രവും സംസ്ഥാന സർക്കാരുകളും ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുകയും ​ഗ്രീൻ സോണുകളിലും ഓറഞ്ച് സോണുകളിലും ഫാക്ടറികളടക്കം നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കുകയും ചെയ്തിരുന്നു. 

ആഴ്ചകളോളം പൂട്ടിയിട്ട പല സ്ഥാപനങ്ങളും ബാക്കി കിടന്ന ജോലികൾ ചെയ്തു തീ‍ർക്കാനായി ജീവനക്കാ‍ർക്ക് അധികസമയം ഡ്യൂട്ടി എടുപ്പിക്കുന്നുണ്ട്. ഇതിന് നിയമപ്രാബല്യം നൽകാൻ പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങൾ ഭേ​ദ​ഗതി ചെയ്യുകയും ചെയ്തു. മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ നിലയിൽ തൊഴിൽ നിയമങ്ങൾ ഭേദ​ഗതി ചെയ്തിരുന്നു. ഇതിനെതിരെയാണ് രാഹുൽ ​ഗാന്ധിയുട‌െ വിമ‍ർശനം. 

തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും അവകാശങ്ങൾ അടിച്ചമർത്തുന്നതും അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാനങ്ങളുടെ നടപടിയെ വിമ‍ർശിച്ചു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. 

.