രാഹുലിന്‍റെ ആരോപണം ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു. 

ദില്ലി: അദാനിക്കെതിരെ വീണ്ടും അഴിമതി ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഇരട്ടി വിലക്ക് വിറ്റ് പ്രധാനമന്ത്രിയുടെ ഒത്താശയോടെ കൊള്ളലാഭം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. പണം തിരിച്ചുപിടിക്കാന്‍ രാജ്യത്ത് വൈദ്യുതി നിരക്ക് ഗണ്യമായി കൂട്ടി പാവപ്പെട്ടവരുടെ പോക്കറ്റ് സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് വാര്‍ത്ത സമ്മേളനത്തിലുദ്ധരിച്ചാണ് അദാനിക്കെതിരെ രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ കടുപ്പിച്ചത്. കല്‍ക്കരി ഇടപാടുകള്‍ക്ക് കരാര്‍ ലഭിച്ച അദാനി ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയില്‍ കൊള്ളലാഭമുണ്ടാക്കിയെന്നാണ് ആക്ഷേപം. കല്‍ക്കരി ഇന്ത്യയില്‍ ഇരട്ടി വിലക്ക് വിറ്റതിലൂടെ പന്ത്രണ്ടായിരം കോടി രൂപയുടെ നേട്ടം അദാനി ഉണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബ്ലാങ്ക് ചെക്ക് നല്‍കി പ്രധാനമന്ത്രിയാണ് പ്രോത്സാഹനം നല്‍കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വൈദ്യുതിക്ക് സബ്സിഡി നല്‍കുമ്പോള്‍ നിരക്ക് ഉയര്‍ത്തി പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ പിഴിയുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു 

Also Read: പലസ്തീനില്‍ പാര്‍ട്ടി നിലപാടിനൊപ്പം; ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ കെ ശൈലജ

മോദി - അദാനി ബന്ധത്തെ കോണ്‍ഗ്രസ് വിമര്‍ശിക്കുമ്പോള്‍ ഇന്ത്യ സഖ്യത്തിലെ നേതാവ് ശരദ് പവാര്‍ അദാനിയുമായി ബന്ധം തുടരുന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. എന്നാല്‍, ശരദ് പവാര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയല്ലെന്നും അദാനിയെ സംരക്ഷിക്കുന്നില്ലെന്നും സംരക്ഷിക്കുന്ന മോദിയോടാണ് ചോദ്യമെന്നും രാഹുല്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ പശ്ചത്താലത്തില്‍ അദാനിക്കെതിരെ പ്രതിപക്ഷം നേരത്തെ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. സ്റ്റോക്ക് മാര്‍ക്കറ്റ് കൃത്രിമത്വത്തില്‍ സെബിയുടെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും എവിടെയുമെത്തിയിട്ടില്ല. തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോഴാണ് അദാനിക്കെതിരായ പുതിയ ആരോപണം ഏറ്റെടുത്ത് മോദിയെ കടന്നാക്രമിക്കാനുള്ള രാഹുലിന്‍റെ നീക്കം.

YouTube video player