ദില്ലി: ജാമിയ മിലിയയിൽ പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സമരം നടത്തിയ പ്രതിഷേധക്കാരുടെ നേർക്ക് അക്രമി വെടിയുതിർത്ത സംഭവത്തില്‍ കടുത്ത പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജാമിയ മിലിയ സര്‍വകലാശാലയില്‍ അത്രയും പൊലീസുകാര്‍ നോക്കി നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് തോക്കുമായി എത്തി വെയിവയ്ക്കാന്‍ സാധിക്കുന്നത്. ആരാണ് അവന് പണം കൊടുത്തതെന്നും രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.

പാര്‍ലമെന്‍റിന് പുറത്ത് മാധ്യമങ്ങളോടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇന്നലെയാണ് രാജ്യത്തെ ആകെ ഞെട്ടിച്ച്  ജാമിയ മിലിയയിൽ പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സമരം നടത്തിയ പ്രതിഷേധക്കാരുടെ പ്രായപൂര്‍ത്തിയകാത്ത ഒരാള്‍ വെടിയുതിര്‍ത്തത്. ഇയാള്‍ക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. 'അവന്‍റെ നടപടിയില്‍ അവന് യാതൊരു കുറ്റബോധവുമില്ല' എന്ന് പൊലീസ് വ്യക്തമാക്കി. വാട്സ്ആപ്പില്‍ വരുന്ന വീഡിയോകളും ഫേസ്ബുക്ക് ടെലിവിഷനുമാണ് ഇയാളെ സ്വാധീനിച്ചതെന്നും ദില്ലി പൊലീസ് വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

പൗരത്വ നിയമ ഭേദഗതിയില്‍ വലിയ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന ഷഹീന്‍ ബാഗില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് 17കാരനായ ഇയാള്‍ ശ്രമിച്ചത്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഷഹീന്‍ ബാഗില്‍ ദിവസങ്ങളായി പ്രതിഷേധിക്കുന്നത്. ഇതേത്തുടര്‍ന്ന് ദില്ലിയില്‍ കനത്ത ഗതാഗത തടസ്സമാണ് നേരിടുന്നത്. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അക്രമി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്കൂളിലേക്ക് പോകുന്നതിന് പകരം ഇയാള്‍ ദില്ലിയിലേക്ക് ബസ് കയറുകയായിരുന്നു.

നിശ്ചയിച്ച പദ്ധതി പ്രകാരം സുഹൃത്തില്‍ നിന്ന് തോക്ക് വാങ്ങി. ''അയാള്‍ക്ക് ഷഹീന്‍  ബാഗിലേക്കുള്ള വഴിയറിയില്ലായിരുന്നു. ഒരു ഓട്ടോ ഡ്രൈവര്‍ അയാളെ ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് സമീപം എത്തിച്ചു. റോഡ് അടച്ചതിനാല്‍ ഷഹീന്‍ ബാഗിലേക്ക് പോകാനാകില്ലെന്ന് അറിയിച്ചു. നടന്നുപോകാനും പറഞ്ഞു.'' - പൊലീസ് വ്യക്തമാക്കി. ജാമിയയിലെത്തിയ ഇയാള്‍ കണ്ടത് പ്രതിഷേധകരെയാണ്. ഒരു മണിക്കൂറിന് ശേഷം ഇയാള്‍ ഫേസ്ബുക്കില്‍ ലൈവ് വന്നു. തുടര്‍ന്ന് പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.