റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖ മോഷണം ആരോപിക്കുന്നത് അഴിമതി മറച്ചുവയ്ക്കാനെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖ മോഷണം ആരോപിക്കുന്നത് അഴിമതി മറച്ചുവയ്ക്കാനെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിയുടെ തുടക്കവും ഒടുക്കവും പ്രധാനമന്ത്രിയിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

മോദിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബാങ്ക് ഗ്യാരന്റി ഒഴിവാക്കിയതിലൂടെ ദസോ ഏവിയേഷന് ലാഭം ഉണ്ടായി. ഗ്യാരണ്ടി ഒഴിവാക്കാൻ ആവശ്യപ്പെട്ടത് മോദിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഔദ്യോഗിക രഹസ്യനിയമത്തിനുപിന്നില്‍ ഒളിക്കാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ മോഷ്ടിക്കപ്പെട്ടതായാലും കോടതിക്ക് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

ഹര്‍ജിക്കാരിലൊരാളായ പ്രശാന്ത് ഭൂഷണ്‍ രേഖകളും മാധ്യമ റിപ്പോര്‍ട്ടുകളും ഹാജരാക്കിയപ്പോഴാണ് രേഖകള്‍ മോഷ്ടിച്ചതെന്ന് വാദം എ ജി ഉയര്‍ത്തിയത്. പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മോഷ്ടിച്ചത്.പുറത്തുവരാൻ പാടില്ലാത്ത രേഖകളാണ്. ഇതേക്കുറിച്ച് അന്വേഷിക്കുകാണ്. രേഖകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയും കേസടുക്കണം. അതേ സമയം രേഖകള്‍ എവിടെ നിന്ന് കിട്ടിയെന്നത് കോടതിയുടെ വിഷയമല്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി.

രാജ്യസുരക്ഷയല്ല വിഷയം, അഴിമതിയുണ്ടായെങ്കിൽ രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് സര്‍ക്കാരിന് ഒളിച്ചിരിക്കാനാവില്ലെ. രേഖകള്‍ മോഷ്ടിച്ചതെന്ന വാദത്തിൽ സത്യവാങ് മൂലം നല്‍കാൻ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാളെ തന്നെ നല്‍കാമെന്ന് എ ജി മറുപടി നല്‍കി. മാധ്യമങ്ങളിൽ നിന്നാണ് രേഖകള്‍ കിട്ടിയതെന്നാണ് പ്രശാന്ത് ഭൂഷൻ‍റെ വാദം. പുന പരിശോധന ഹര്‍ജിയിൽ കോടതി എന്തു പറഞ്ഞാലും പ്രതിപക്ഷം അത് സര്‍ക്കാരിനെ അസ്ഥിരപെടുത്താൻ ആയുധമാക്കുമെന്നും എ ജി വാദിച്ചു.