273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്. 

ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ജോ ബൈഡനും, വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയെ നല്ല ശക്തമായി നയിക്കാനും, ഒന്നായി കൊണ്ടുപോകാനും ബൈഡന് സാധിക്കും എന്ന് പറയുന്ന രാഹുല്‍. ഇന്ത്യയില്‍ വേരുകള്‍ ഉള്ള കമലാ ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്‍റ് ആകുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണെന്നും ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…
Scroll to load tweet…

അതേ സമയം 273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് യുഎസിന്‍റെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപിന് നേടാനായത്.

 പെന്‍സില്‍വേനിയയിലെ വോട്ടുകളാണ് ബൈഡന്‍റെ വിജയമുറപ്പിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 

പുതിയ ചരിത്രം കുറിച്ച് കമലാ ഹാരിസ് വനിത വൈസ് പ്രസിഡന്‍റാവും. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്‍റായി കമലാ ഹാരിസ്. യുഎസ് വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്‍റ് ആകുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയും കമലയാണ്.