ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ നബി നിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ​ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കെതിരെ രം​ഗത്തെത്തിയിരുന്നു.

ദില്ലി: ബിജെപിയുടെ മതഭ്രാന്ത് ആ​ഗോളതലത്തിൽ ഇന്ത്യയെ നാണം കെടുത്തുകയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ബിജെപി വക്താവ് പ്രവാചക നിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ ബാഹ്യമായി ദുർബലമാകുന്നെന്നും ബിജെപിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടമാണെന്നും രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. ‌

Scroll to load tweet…

ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ നബി നിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ​ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കെതിരെ രം​ഗത്തെത്തിയിരുന്നു. തുടർന്ന് നൂപുർ ശർമയെ ബിജെപി സസ്പെൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് ഇന്ത്യൻ ഉൽപന്നങ്ങൾക്കു ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തണമെന്നു സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നിരുന്നു.

'വധഭീഷണിയുണ്ട്, കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക'; പൊലീസിൽ പരാതി നൽകി നൂപുർ ശർമ

ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നൂപുർ ശർമ ട്വിറ്ററിൽ ക്ഷമാപണം നടത്തി. നൂപുർ ശർമയുടെ പ്രസ്താവനയെ തുടർന്ന് ഉത്തർപ്രദേശിലെ കാൺപൂരിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് സംഭവം വിവാദമായത്. പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് നൂപുർ ശർമ പ്രകടിപ്പിച്ചതെന്നും ബിജെപി വിശദമാക്കി. വിവാദ പരാമർശത്തിൽ മറ്റൊരു നേതാവ് നവീൻകുമാർ ജിൻഡാലിനെയും സസ്പെൻഡ് ചെയ്തിരുന്നു. സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങൾ പ്രസ്താവനയെ ശക്തമായി അപലപിച്ചു.