പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി ചിന്തിച്ച് നിൽക്കാതെ സമയം കളയാതെ ഉടൻ നൽകണമെന്ന് രാഹുൽ ഗാന്ധി
ദില്ലി: പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാതി മനസോടെയല്ല കാര്യങ്ങൾ ചെയ്യേണ്ടതെന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ച രാഹുൽ, ഇനിയൊരിക്കലും ഇന്ത്യക്കെതിരെ തിരിയാത്ത വിധമുള്ള മറുപടിയാവണം നൽകേണ്ടതെന്നും പറഞ്ഞു. രാജ്യത്ത് ജാതി സെൻസസ് നടത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഹൽഗാം വിഷയത്തിൽ സർവ കക്ഷി യോഗത്തിൽ പ്രതിപക്ഷം സർക്കാരിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഇനി പ്രധാനമന്ത്രി നടപടിയെടുക്കണം. ആരാണ് ഉത്തരവാദികളെന്ന് രാജ്യത്തിന് അറിയണം. സമയം കളയാതെ തിരിച്ചടിക്കണം. ആക്രമണം നടന്ന സ്ഥലത്ത് ഒരു സുരക്ഷ സംവിധാനവും ഇല്ലായിരുന്നെന്ന് ഇരകളുടെ ബന്ധുക്കൾ തന്നെ പറഞ്ഞു. സുരക്ഷാ വീഴ്ചയുടെ കാരണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഭീകരക്രമണം മുസ്ലിങ്ങൾക്കെതിരായ ആക്രമണത്തിന് ചിലർ ഉപയോഗിക്കുന്നു. വർഗീയ വിഭജനത്തിനാണ് ഒരു കൂട്ടരുടെ ശ്രമം. ഇത് തീവ്രവാദികളെ മാത്രമേ സഹായിക്കൂവെന്നും രാഹുൽ പറഞ്ഞു.
രാജ്യത്ത് ജാതി സെൻസസിനായി രൂപരേഖ തയ്യാറാക്കണം. അതിനായി കേന്ദ്ര സർക്കാരിനെ സഹായിക്കാം. അതോടൊപ്പം രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം കൊണ്ടുവരാൻ തയ്യാറാകണം. എന്ന് മുതൽ സെൻസസ് നടപടികൾ തുടങ്ങുമെന്ന് വ്യക്തമാക്കണം. ബജറ്റിൽ ഇതിനായി തുക മാറ്റിവയ്ക്കണം. ഇത്രയും കാലം കേന്ദ്ര സർക്കാർ ജാതി സെൻസസിനെ എതിർത്തത് എന്തിനെന്ന് മനസിലാകുന്നില്ല. ദളിത് പിന്നാക്ക വിഭാഗങ്ങക്കൾക്കുള്ള 50 ശതമാനം സംവരണ പരിധിയെന്ന തടസം നീക്കണം. കേന്ദ്ര സർക്കാരിൻ്റെ പെട്ടെന്നുള്ള തീരുമാനത്തെ കുറിച്ച് ഒരു പ്രതികരണവും നടത്താനില്ല. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. വസ്തുതകൾ വച്ച് മാത്രമേ താൻ സംസാരിക്കൂ.


