രാഹുലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. ഒമ്പതര മണിയോടെയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചതായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറിയിച്ചത്. തുടർച്ചയായ മൂന്നാം നാളാണ് കോൺഗ്രസ് മുൻ അധ്യക്ഷനെ ഇ ഡി ചോദ്യം ചെയ്തത്. നാളെ ചോദ്യം ചെയ്യലുണ്ടാകില്ല. പക്ഷേ വെള്ളിയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യലിനായി രാഹുൽ വീണ്ടും എത്തണമെന്ന് ഇ ഡി അറിയിച്ചിട്ടുണ്ട്.
അതേസമയം രാഹുലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു. രാഹുലിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘർഷത്തിലേക്കാണ് നയിച്ചത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പൊലീസ് കയറിയതിൽ ശക്തമായ പ്രതിഷേധം ഉയർത്തി പ്രവർത്തകരും നേതാക്കളും നിലയുറപ്പിച്ചു. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ എ ഐ സി സി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സെപ്ഷ്യൽ കമ്മീഷണർ ഡോ. സാഗർ പ്രീത് ഹൂഢാ വിശദീകരിച്ചു. സംഘര്‍ഷ സാധ്യത കണകക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിവരിച്ചു. എന്നാൽ പൊലീസ് എഐസിസി ഓഫീസ് ആക്രമിച്ചെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്.
ദില്ലിയില്‍ 3-ാം ദിവസവും സംഘര്‍ഷം; എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം.
'സേനയുടെ ക്ഷമത കുറയ്ക്കും'; അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് രാഹുല്‍ ഗാന്ധി
അതേസമയം അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് രാഹുല്‍ ഗാന്ധി ഇന്ന് രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇരു വശങ്ങളിൽ നിന്നും ഭീഷണി നേരിടുമ്പോൾ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. സേനയുടെ അച്ചടക്കവും ഊർജ്ജവും വിട്ടുവീഴ്ച ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
'ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ട്'; നാഷണൽ ഹെറാൾഡ് കേസില്‍ രാഹുലിനെതിരെ ഇഡി
