മോദി മുദ്രാവാക്യം വിളിച്ച ജനക്കൂട്ടത്തിന് നേരെ രാഹുൽ  ഗാന്ധി ആദ്യം കൈ വീശി കാണിച്ചു.  പിന്നാലെ ഫ്ലയിംഗ് കിസ്സുകൾ നൽകി. നരേന്ദ്ര മോദിയുടെ പേര് വിളിച്ചവര്‍ക്ക് നേരെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി ഇവരെ അനുനയിപ്പിക്കുന്നതും വീഡിയോയിൽ കാണാം

ജയ്പൂര്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെ കടന്നു പോവുകയാണ്. രാഹുലിന്‍റെ യാത്രക്കിടെയുണ്ടാകുന്ന രസകരമായ പല സംഭവങ്ങളും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ജോഡോ യാത്രക്കിടെ ഒരു കൂട്ടം ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് വിളിക്കുന്നതും അത് കേട്ട് രാഹുല്‍ ഗാന്ധി 'ഫ്ലൈയിംഗ് കിസിലൂടെ' മറുപടി നല്‍കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ അഗർ മാൽവ ജില്ലയിലൂടെ കടന്നുപോകുമ്പോളാണ് സംഭവം. യാത്ര കാണാനായി റോഡിന് ഇരുവശത്തും കാത്തു നിന്നവരില്‍ ചിലരാണ് മോദി സ്തുതികൾ മുഴക്കിയത്. മോദി.. മോദി.. എന്ന് ആര്‍ത്തുവിളിച്ച ആൾക്കൂട്ടത്തിന് നേരെ ഫ്ലയിംഗ് കിസ് നൽകിയാണ് രാബുല്‍ മറുപടി നല്‍കിയത്. മോദി-മോദി മുദ്രാവാക്യം വിളിച്ച ജനക്കൂട്ടത്തിന് നേരെ രാഹുൽ ഗാന്ധി ആദ്യം കൈ വീശി കാണിച്ചു. തുടര്‍ന്ന് പിന്നാലെ ഫ്ലയിംഗ് കിസ്സുകൾ നൽകി. 

നരേന്ദ്ര മോദിയുടെ പേര് വിളിച്ചവര്‍ക്ക് നേരെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി ഇവരെ അനുനയിപ്പിക്കുന്നതും വീഡിയോയിൽ കാണാം. അവിരാൾ സിംഗ് എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യാത്ര മധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലേക്ക് പ്രവേശിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും മാർച്ചിൽ ഗാന്ധിക്കൊപ്പമുണ്ട്.

Scroll to load tweet…

അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മാധ്യമങ്ങൾ തമസ്കരിക്കുകയാണെന്ന് രാജസ്ഥാൻ ​മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. രാഹുലിന്‍റെ യാത്ര രാജസ്ഥാനിലെത്തിയപ്പോഴാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം. യാത്ര എല്ലാമാധ്യമ സ്ഥാപനങ്ങളും ബഹിഷ്കരിക്കുകയാണ്. ലക്ഷക്കണക്കിനു പേർ ജാഥയിൽ അണിനിരക്കുന്നുണ്ട്. ഇത്തരമൊരു ജനകീയ യാത്ര വേറെ എവിടെയും കാണാനാകില്ലെന്നും ഗെഹ്ലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.