അമ്മ സ്നേഹത്തോടെ കൈ തട്ടിമാറ്റുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അത് ഏറ്റുവാങ്ങുന്ന മകന്‍റെ ദൃശ്യം അത്രമേൽ മനോഹരമാണെന്നാണ് ഏവരും കമന്‍റ് ചെയ്യുന്നത്.

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിയോടുള്ള സ്നേഹം പലപ്പോഴും പരസ്യമായി പ്രകടിപ്പിക്കാറുണ്ട്. സോണിയാ ഗാന്ധിയുടെ ഷൂ ലെയ്‌സ് കെട്ടുന്നത് മുതൽ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്നതടക്കമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം നേരത്തെ പുറത്തുവന്നിട്ടുണ്ട്. എല്ലാം ചിത്രങ്ങളും സ്നേഹത്തോടെയാണ് ഏവരും എറ്റെടുത്തിട്ടുള്ളതും. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് വൈറലാകുന്നത്. ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാപക ദിനത്തിന്‍റെ 138 ാം വാർഷികാഘോഷ പരിപാടിക്കിടെയാണ് അമ്മ - മകൻ സ്നേഹത്തിന്‍റെ മനോഹര നിമിഷം ക്യാമറയിൽ പതിഞ്ഞത്. അമ്മയുടെ തൊട്ടടുത്തിരിക്കുന്ന മകൻ സ്നേഹത്തോടെ താടിയിലും കവിളിലും പിടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അമ്മ സ്നേഹത്തോടെ കൈ തട്ടിമാറ്റുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അത് ഏറ്റുവാങ്ങുന്ന മകന്‍റെ ദൃശ്യം അത്രമേൽ മനോഹരമാണെന്നാണ് ഏവരും കമന്‍റ് ചെയ്യുന്നത്. ഹൃദയം കവർന്ന നിമിഷമെന്ന കമന്‍റുകളുമായും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

Scroll to load tweet…

സോളാറിൽ ഇനിയെന്ത്? പരാതിക്കാരിയുടെ പുതിയ നീക്കം, രാഹുലും സിപിഎമ്മും, ഇ പി-പി ബി, അരുംകൊല-അറസ്റ്റ്: 10 വാർത്ത

അതേസമയം രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോൺഗ്രസ് കത്ത് നൽകി. ഭാരത് ജോഡോ യാത്രയില്‍ ദില്ലിയിലുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയത്. കഴിഞ്ഞ 24 ാം തിയതി ഭാരത് ജോഡോ യാത്ര ദില്ലിയില്‍ പര്യടനം നടത്തുമ്പോള്‍ വലിയ സുരക്ഷ വീഴ്ചയുണ്ടായെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. ഒന്നിലധികം തവണ വെല്ലുവിളി ഉയര്‍ന്ന സാഹചര്യമുണ്ടായെന്നും കോൺഗ്രസ് ചൂണ്ടികാട്ടി. ഭാരത് ജോഡോ യാത്രികരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് രാഹുലിന് അപ്പോള്‍ സുരക്ഷയൊരുക്കിയത്. ദില്ലി പൊലീസ് വെറും കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയായിരുന്നുവെന്നാണ് എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ അമിത് ഷാക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്. ഇസഡ് പ്ലസ് സുരക്ഷയുള്ളയാളാണ് രാഹുല്‍ ഗാന്ധി. ജനുവരി മൂന്നിന് യാത്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് രാഹുലിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നാണാവശ്യപ്പെട്ട് എ ഐ സി സി കത്ത് നൽകിയത്. പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് ജനുവരിയിൽ യാത്രയുമായി രാഹുൽ പോകുന്നത്.