മധ്യപ്രദേശിലെ പഞ്ച്‌മറിയിൽ നടന്ന കോൺഗ്രസ് പരിശീലന ക്യാമ്പിൽ വൈകിയെത്തിയതിന് രാഹുൽ ഗാന്ധിക്ക് ശിക്ഷ. ക്യാമ്പ് മേധാവി സച്ചിൻ റാവുവിൻ്റെ നിർദേശപ്രകാരം രാഹുൽ ഗാന്ധി വേദിയിൽ പത്ത് തവണ പുഷ് അപ്പ് എടുത്തു. പാർട്ടി അച്ചടക്കം ഓർമിപ്പിക്കുന്നതായിരുന്നു ഈ നടപടി
ദില്ലി: മധ്യപ്രദേശിലെ പഞ്ച്‌മറിയിൽ ഡിസിസി പ്രസിഡൻ്റുമാർക്കുള്ള പരിശീലന ക്യാമ്പിന് വൈകിയെത്തിയ രാഹുൽ ഗാന്ധിയെ ശിക്ഷിച്ച് ക്യാമ്പ് മേധാവി സച്ചിൻ റാവു. ക്യാമ്പിന് വൈകി വരുന്നവർ ശിക്ഷ നേരിടേണ്ടി വരുമെന്ന തൻ്റെ മുൻ നിർദേശം സച്ചിൻ റാവു ഓർമ്മിപ്പിക്കുകയും രാഹുൽ ഗാന്ധിയെ പത്ത് തവണ പുഷ് അപ്പ് എടുക്കാൻ ശിക്ഷിക്കുകയുമായിരുന്നു. പരിശീലന ക്യാമ്പിൽ സമയനിഷ്‌ഠ പാലിച്ച് പങ്കാളിത്തം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ശിക്ഷ നടപ്പാക്കിയത്.
ഞായറാഴ്ച വൈകിട്ട് പരിശീലന ക്യാമ്പിലെ സെഷനിൽ പങ്കെടുക്കാൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏകദേശം 20 മിനിറ്റ് വൈകിയാണ് രാഹുൽ ഗാന്ധിയെത്തിയത്. രാഹുൽ ഗാന്ധി ശിക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ നിയമപ്രകാരം പത്ത് പുഷ് അപ്പുകൾ എടുക്കണമെന്ന് സച്ചിൻ റാവു ആവശ്യപ്പെട്ടു. വേദിയിലെ തൻ്റെ ഇരിപ്പിടത്തിൽ ഇരിക്കും മുൻപ് തന്നെ ക്യാമ്പ് മേധാവിയുടെ നിർദേശം പാലിച്ച് രാഹുൽ ഗാന്ധി ക്യാമ്പിലെത്തിയ പ്രതിനിധികൾക്ക് മുന്നിൽ പുഷ് അപ്പ് എടുത്തു. പ്രതിനിധികൾ നിറഞ്ഞ കരഘോഷത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്.
തുടർന്ന് ഡിസിസി പ്രസിഡൻ്റുമാരെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുൽ ഗാന്ധി പാർട്ടിയുടെ ഭാവി പദ്ധതികളെ കുറിച്ചും പരിശീലന ക്യാമ്പിൻ്റെ ലക്ഷ്യങ്ങളെ കുറിച്ചും സംസാരിച്ചു. സംസ്ഥാനത്ത് കോൺഗ്രസിൻ്റെ കരുത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പാർട്ടി പ്രവർത്തകർ പാലിക്കേണ്ട അച്ചടക്കത്തിനും ഉത്തരവാദിത്തത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ളതായിരുന്നു പരിപാടി.


