Asianet News MalayalamAsianet News Malayalam

രണ്ട് വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച; തകര്‍പ്പന്‍ കമന്‍റുമായി രാഹുല്‍, തിരിച്ചടിച്ച് എം ബി രാജേഷ്, ചിരിമേളം

ചില കോൺഗ്രസ് എംപിമാർ ചിത്രമെടുത്തപ്പോൾ കേരളത്തിൽ രാജേഷിന് ഇത് പ്രശ്നമാകരുതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ കമന്‍റ്. തിരുവനന്തപുരത്ത് വരുമ്പോൾ കോൺഗ്രസ് നേതാക്കൾ അനുവദിച്ചാൽ ഭക്ഷണത്തിന് ഒരുമിച്ച് കാണാം എന്നായിരുന്നു രാജേഷിന്‍റെ തിരിച്ചടി.

rahul gandhi mb rajesh meet after 2 years
Author
Delhi, First Published Aug 4, 2022, 7:37 PM IST

ദില്ലി: സൗഹൃദം പുതുക്കി  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേരള നിയമസഭ സ്പീക്കർ എംബി രാജേഷും.  പാർലമെൻറ് സെൻട്രൽ ഹാളിലാണ് ഇന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം രാഹുൽ ഗാന്ധിയും സ്പീക്കർ എംബി രാജേഷും വീണ്ടും കണ്ടത്. കെ സി വേണുഗോപാൽ, എം കെ രാഘവൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ തുടങ്ങിയ കോൺഗ്രസ് എംപിമാരും സിപിഎം അംഗം എ എ റഹീമും ഈ സമയത്ത് സെൻട്രൽ ഹാളിലുണ്ടായിരുന്നു.

ചില കോൺഗ്രസ് എംപിമാർ ചിത്രമെടുത്തപ്പോൾ കേരളത്തിൽ രാജേഷിന് ഇത് പ്രശ്നമാകരുതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ കമന്‍റ്. തിരുവനന്തപുരത്ത് വരുമ്പോൾ കോൺഗ്രസ് നേതാക്കൾ അനുവദിച്ചാൽ ഭക്ഷണത്തിന് ഒരുമിച്ച് കാണാം എന്നായിരുന്നു രാജേഷിന്‍റെ തിരിച്ചടി. ഇവർ അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നുള്ള രാഹുൽ ഗാന്ധി മറുപടി ചിരി പടർത്തി. ഒരു മണിക്കൂറിലധികം രാഹുൽ ഗാന്ധി രാജേഷുമായും ഒപ്പമുള്ളവരുമായും സംസാരിച്ചിരുന്നു.

ഡിഎംകെ നേതാവ് കനിമൊഴി, തമിഴ്നാട്ടിലെ എംപി ജ്യോതിമണി തുടങ്ങിയവരും ഈ സംഭാഷണത്തിൽ പങ്കു ചേർന്നു.  തെക്കേ ഇന്ത്യൻ രാഷ്ട്രീയവും ശ്രീനാരായണ ഗുരുവും പെരിയാറുമൊക്കെ സംഭാഷണത്തിൽ കടന്നു വന്നു. കമ്മ്യൂണിസവും ആത്മീയതയതും ഒക്കെ രാഹുൽ ഗാന്ധി വിഷയമാക്കി. എം ബി രാജേഷ് ലോക്സഭ അംഗമായിരിക്കുമ്പോൾ രാഹുൽ ഗാന്ധിയുമായി നല്ല ബന്ധമായിരുന്നു. ലോക്സഭയ്ക്കുള്ളിൽ പലപ്പോഴും രാഹുൽ ഗാന്ധി രാജേഷിനെ അടുത്തേക്ക് ക്ഷണിച്ച് സംസാരിച്ചിരിക്കുന്നത് കാണാമായിരുന്നു. കേരളത്തിലെ രാഷ്ട്രീയവും യുവജനപ്രസ്ഥാനത്തിലെ അനുഭവവുമൊക്കെ അന്ന് രാഹുൽ ഗാന്ധി ചോദിച്ചറിയുമായിരുന്നു.

സംഭാഷണത്തെക്കുറിച്ച് ടിഎൻ പ്രതാപൻ വിവരിക്കുന്നത് ഇങ്ങനെ:

“ഇന്ന് രാവിലെ 11.30 ആയപ്പോഴേക്കും അല്‍പ്പസമയത്തേക്ക് സഭകൾ നിർത്തി വെച്ചിരുന്നു. ഞങ്ങൾ കുറച്ച് എംപിമാർ സെൻട്രൽ ഹാളിൽ ഒരുമിച്ചു കൂടി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാരുന്നു. ചർച്ചയുടെ ഏറ്റവും പ്രതീക്ഷാവഹമായ കാര്യം കോൺഗ്രസ് എംപിമാരെ കൂടാതെ പ്രതിപക്ഷ നിരയിൽ നിന്ന് വേറെയും നേതാക്കൾ ആ ചർച്ചയുടെ ഭാഗമായി എന്നുള്ളതാണ്. ഏറെ ഹൃദ്യവും പഠനാർഹവുമായ ഒരു ചർച്ചയായി അത് പരിണമിക്കുകയും ചെയ്തതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

കേരള നിയമസഭയുടെ സ്പീക്കറും മുൻ ലോക്സഭ പ്രതിനിധിയുമായ സിപിഎം നേതാവ് എം ബി രാജേഷ്, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവരും ഏറെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചു. സമകാലിക ഇന്ത്യൻ രാഷ്ട്രീയം, സഖ്യ സാധ്യതകൾ, സംസ്കാരം, മതം, ജാതീയത, വിദേശ നയം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും സംസാരങ്ങൾ നടന്നത്.

കോൺഗ്രസിൽ നിന്നുള്ള കെ സി വേണുഗോപാൽ, എം കെ രാഘവൻ, ഗൗരവ് ഗോഗോയ്, രേവന്ത് റെഡ്ഢി, ജോതിമണി സെന്നിമലൈ, ഹൈബി ഈഡൻ, സിപിഎമ്മിന്റെ എ എ റഹീം തുടങ്ങിയവർ ചർച്ചാ വൃത്തത്തെ മനോഹരമാക്കി. ഓരോ വിഷയങ്ങളിലും രാഹുൽ ഗാന്ധി നടത്തിയ നിരീക്ഷണങ്ങൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതും ഉൾക്കാഴ്‌ച ഒരുക്കുന്നതുമായിരുന്നു. ഓരോരുത്തരെയും കേൾക്കാനും അവരെ താല്പര്യപൂർവ്വം ഉൾകൊള്ളാനും രാഹുൽ ഗാന്ധി പ്രകടിപ്പിച്ച താല്പര്യം ഞങ്ങൾ ഓരോരുത്തർക്കും വലിയ മാതൃക സമ്മാനിക്കുന്നതായിരുന്നു.

ഒരു മണിക്കൂറിലധികം നീണ്ട സംസാരം രാഹുൽ ഗാന്ധിയുടെ ജ്ഞാനം സംബന്ധിച്ച വലിയ ഒരു ചിത്രം ഞങ്ങൾക്കെല്ലാവർക്കും നൽകി. ഇന്ത്യ എക്കലത്തെയും വലിയ പണ്ഡിതന്മാരിൽ ഒരാളായ ജവാഹർലാൽ നെഹ്‌റുവിന്റെ പിന്മുറക്കാരൻ എന്ന മേൽവിലാസം വെറുമൊരു അലങ്കാരമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു രാഹുൽ ഗാന്ധിയുടെ സംസാരവും സമീപനവും. ഒടുവിൽ ചർച്ച നിർത്തി പോകുമ്പോൾ ഇനിയും ഒരുപാട് തവണ കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധിയും എം ബി രാജേഷും യാത്രപറഞ്ഞത്.”

എം ബി രാജേഷ് കാനഡയിലേക്ക്

കാനഡയിൽ കോമൺവെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനത്തിനായി പോകുന്ന രാജേഷ് ഇതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ദില്ലിയിൽ എത്തിയത്. ലോക്സഭ സ്പീക്കറെയും രാജേഷ് കണ്ടു. രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെയുള്ള അക്രമത്തിൻറെ പേരിൽ ഇടതുപക്ഷവും കോൺഗ്രസും ദില്ലിയിൽ കൊമ്പുകോർത്തതിനൊക്കെ ശേഷമാണ് സ്പീക്കർക്കും രാഹുൽ ഗാന്ധിക്കും ഇടയിലെ ഈ സൗഹൃദ സംഭാഷണം അന്തരീക്ഷം തണുപ്പിച്ചത്. കഴിഞ്ഞ ദിവസം പാർലമെൻറ് സെൻട്രൽ ഹാളിൽ എത്തിയ മന്ത്രിമാരായ കെഎൻ ബാലഗോപാൽ, പി രാജീവ് എന്നിവരും കെ സുധാകരൻ ഉൾപ്പടെയുള്ള കോൺഗ്രസ് എംപിമാരുമായി സംസാരിച്ചിരുന്നു. 

സഭ നടക്കുമ്പോള്‍ രാജ്യസഭ പ്രതിപക്ഷ നേതാവിനെ സമന്‍സ് അയച്ച് വിളിപ്പിക്കുന്നോ? ഇഡിക്കെതിരെ കെ സി

Follow Us:
Download App:
  • android
  • ios