ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ദില്ലി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന  കോൺഗ്രസ് പ്രഖ്യാപനത്തിന് ഇടയിലും ശ്രദ്ധേയമായി രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം. നിര്‍ണായക സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നില്‍ നിന്ന് നയിക്കേണ്ട രാഹുല്‍ ഗാന്ധിയെവിടെയെന്നാണ് സമൂഹമാധ്യമങ്ങള്‍ തിരക്കുന്നത്. ഇന്ന് നടന്ന നിര്‍ണ്ണായക പ്രവര്‍ത്തക സമിതിയോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തില്ല. രാഹുൽ ഗാന്ധി വിദേശത്താണെന്ന വിവരമാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നത്. 

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ ഗാന്ധി പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജാമിയ മില്ലിയ, അലിഗഢ് സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമമുണ്ടായ സമയത്തും രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചത് രാഹുലിന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയായിരുന്നു. രാഹുല്‍ കേന്ദ്രീകൃതമാകാന്‍ കോണ്‍ഗ്രസ്‌ വീണ്ടും തയ്യാറെടുക്കുമ്പോഴാണ് ഈ അസാന്നിധ്യം. 

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഏപ്രിലില്‍ തിരിച്ചെത്തും: റിപ്പോര്‍ട്ട്

രാവിലെ നടന്ന പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ സോണിയാ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. ദില്ലിയിലെ കലാപത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മൻമോഹൻസിംഗ്, എകെ ആന്‍റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കളുടെ വലിയ നിര മാര്‍ച്ചിൽ അണിനിരക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.

ദില്ലിയിൽ കലാപം പടര്‍ന്ന് പിടിക്കുന്നതിന് പിന്നിൽ ബിജെപി ഗൂഢാലോചനയാണ്. ബിജെപി നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തുന്നു. ഇതാണ് കലാപത്തിന് ഇടയാക്കിയത്. സ്ഥിതി നിയന്ത്രിക്കാൻ കേന്ദ്ര സര്‍ക്കാരോ ദില്ലി സര്‍ക്കാരോ ഇടപെടുന്നില്ലെന്ന് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു, ദില്ലി അക്രമങ്ങളുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത്ഷാക്കാണ്. കലാപത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവക്കണം എന്നും  സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.