ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി ആസ്ഥാനത്ത് അമിത് ഷായ്ക്കൊപ്പം മാധ്യമങ്ങളെ കാണാന്‍ മോദിയും എത്തിയിരുന്നു. അതേസമയം തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനവും.

ഈ സമയത്തായിരുന്നു രാഹുലിന്‍റെ പരിഹാസം. 'മോദിജി അമിത് ഷാക്കൊപ്പം ഇപ്പോ മാധ്യമങ്ങളെ കാണുന്നുണ്ടന്ന് കേട്ടു. ആഹാ... ഞങ്ങൾക്കുമുണ്ടായിരുന്നു അദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കാൻ. പക്ഷേ അവിടെ (BJP ആസ്ഥാനത്ത് ) വാതിലടച്ചു എന്നാണ് കേട്ടത്..' എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

അദ്ദേഹം വാർത്താസമ്മേളനം നടത്തിയതിൽ സന്തോഷമുണ്ട്. റാഫേൽ അഴിമതിയിൽ മറുപടി പറയാനും മോദിയോട് രാഹുൽ വാർത്താസമ്മേളനത്തിനിടെ ആവശ്യപ്പെട്ടു. മോദിയുടെ ഫിലോസഫി ഹിംസയുടേതാണ് ഗാന്ധിയുടെ പോലെ അഹിംസ അല്ലെന്ന് രാഹുൽ പറഞ്ഞു. 

ജനങ്ങളുടെ തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കുമെന്നും ജനതീരുമാനത്തിന് മുമ്പേ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും രാഹുൽ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

മോദിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം കമ്മീഷൻ നൽകിയെന്നും തെരഞ്ഞെടുപ്പ് തീയ്യതികൾ തീരുമാനിച്ചത് പോലും മോദിക്ക് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലാളികളുടെ പ്രശ്നങ്ങൾ, ജി എസ് ടി എന്നീ കാര്യങ്ങളായിരുന്നു തെരഞ്ഞെടുപ്പിലെ ചർച്ച എന്ന് പറഞ്ഞ രാഹുല്‍ മോദിയുടെ മേഘ പരാമർശത്തെ പരിഹസിച്ചു.

മോദിയുടെ രക്ഷിതാക്കൾക്ക് എതിരെ താൻ ഒന്നും പറയില്ലെന്നും തന്‍റെ കുടുംബത്തെ കുറിച്ച് മോദി എന്ത് വേണമെങ്കിലും പറയട്ടേ എന്ന‌ും രാഹുല്‍ പറഞ്ഞു.

"