അത്തരം ഉപമകൾ ബി ജെ പി നേതാക്കളാണ് നടത്താറുള്ളതെന്നും കോൺഗ്രസിന് അങ്ങനെയൊരു ശീലമില്ലെന്നും മഹാരാഷ്ട്ര പി സി സി അധ്യക്ഷൻ നാനാ പട്ടോളെ അഭിപ്രായപ്പെട്ടു
മുംബൈ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച രാജസ്ഥാൻ മന്ത്രിയെ തിരുത്തി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ രംഗത്ത്. രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിക്കേണ്ടതില്ലെന്ന് മഹാരാഷ്ട്ര പി സി സി അധ്യക്ഷൻ നാനാ പട്ടോളെ അഭിപ്രായപ്പെട്ടു. അത്തരം ഉപമകൾ ബി ജെ പി നേതാക്കളാണ് നടത്താറുള്ളതെന്നും കോൺഗ്രസിന് അങ്ങനെയൊരു ശീലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാന്‍റെയും രാഹുൽ ഗാന്ധിയുടെയും പേരുകളിൽ പൊതുവായി ഇംഗ്ലീഷ് അക്ഷരമാലയിലെ R എന്ന അക്ഷരം ഉണ്ട്. ഇത് ചൂണ്ടികാട്ടിയാണ് രാജസ്ഥാനിലെ മന്ത്രി പർസാദി ലാൽ മീണ രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് രംഗത്തെത്തിയത്. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ പദയാത്രയെ ശ്രീരാമൻ ലങ്കയിലേക്ക് നടത്തിയ യാത്രയുമായും പർസാദി ലാൽ മീണ താരതമ്യം ചെയ്തിരുന്നു. ഇത്തരം ഉപമകൾ ശരിയില്ലെന്നാണ് മഹാരാഷ്ട്ര പി സി സി അധ്യക്ഷൻ വ്യക്തമാക്കിയത്. പേരിൽ രണ്ടുപേർക്കും R എന്ന അക്ഷരം ഉള്ളത് യാദൃശ്ചികത മാത്രമാണെന്നും നാനാ പട്ടോളെ ചൂണ്ടികാട്ടി. രാഹുൽ ഗാന്ധി മനുഷ്യൻ ആണെന്നും മാനവികതയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം വാർത്ത ഏജൻസിയോട് പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാലാമത്തെ സംസ്ഥാനത്തിലേക്ക് കടന്നു കഴിഞ്ഞു. കേരളം തമിഴ്നാട് കർണാടക സംസ്ഥാനങ്ങൾ പിന്നിട്ട യാത്ര ഇപ്പോൾ ആന്ധ്ര പ്രദേശിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്ര 41-ാം ദിവസമാകുമ്പോഴാണ് ആന്ധ്രയിൽ പ്രവേശിച്ചത്. സെപ്റ്റംബർ 07 - ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ഇതുവരെ 1000 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ജമ്മു കശ്മീരിലാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുക.
