ദില്ലി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരൻ സുജിത്തിനെ രക്ഷിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സുജിത്തിനെ രക്ഷിക്കാനുള്ള നേട്ടോട്ടത്തിലാണ് തമിഴ്നാടെന്നും അസ്വസ്ഥരായ മാതാപിതാക്കളുമായി എത്രയും വേഗം അവൻ ഒന്നിക്കട്ടെ എന്നും രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം, കുഞ്ഞിനെ രക്ഷിക്കാൻ സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. കിണര്‍ നിര്‍മ്മാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വലിയ കാഠിന്യമേറിയ പാറക്കെട്ടുകള്‍ കിണര്‍ നിര്‍മ്മാണത്തിന് തടസമായതിനെത്തുടര്‍ന്നാണ് ശ്രമം നേരത്തെ നിര്‍ത്തിവച്ചത്. 

വേഗത്തില്‍ കിണര്‍ തുരക്കുന്നതിനായി രാമനാഥപുരത്ത് നിന്ന് എത്തിച്ച പുതിയ റിഗ് യന്ത്രം ഉപയോഗിച്ചാണ് പ്രവർത്തനം നടക്കുന്നത്. 5 മണിക്കൂർ കൊണ്ട് ഇതുവരെ കുഴിച്ചത് പത്ത് അടിയാണ്.  ഇന്ന് തന്നെ കുട്ടിയെ പുറത്തെത്തിക്കാൻ എല്ലാ സാധ്യതയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5 മണിവരെ കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കാര്യമായ പ്രതികരണമുണ്ടായിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നേരത്തെ ഹൈഡ്രോളിക് സംവിധാനം വഴി കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നിരുന്നു എന്നാല്‍ ഇത് വിജയിച്ചില്ല.

Read More: കുഴല്‍ക്കിണര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി പാറ; സമാന്തര കിണർ നിർമാണം തുടരുന്നു

വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴൽക്കിണറിൽ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. 68 അടി താഴ്ചയിലാണ് സുജിത്ത് ഇപ്പോഴുള്ളത്.