Asianet News MalayalamAsianet News Malayalam

രാഹുലിനും പ്രിയങ്കക്കും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ട്

രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം വേണമെന്ന ഇരുപതോളം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.
 

Rahul Gandhi, Priyanka Gandhi Reluctant To Accept party president post, report
Author
New Delhi, First Published Aug 23, 2020, 9:51 PM IST

ദില്ലി: നേതൃസ്ഥാന ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തയ്യാറായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറിയായി തുടരാനാണ് താല്‍പര്യമെന്ന് പ്രിയങ്കയും അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം.. 

രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം വേണമെന്ന ഇരുപതോളം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായ സോണിയ, സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, സോണിയ ഗാന്ധി രാജിവെക്കേണ്ടെന്ന നിലപാടാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാദലും സ്വീകരിച്ചത്. എന്നാല്‍, രാഹുല്‍ സ്ഥാനമേറ്റെടുക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. 

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ഇനി അധ്യക്ഷ സ്ഥാനത്തേക്ക് ആരും വരരുതെന്ന് വ്യക്തമാക്കിയാണ് രാഹുല്‍ രാജിവെച്ചത്. തുടര്‍ന്ന് സ്ഥാനമേറ്റെടുക്കാന്‍ വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദമുയര്‍ന്നെങ്കിലും രാഹുല്‍ വഴങ്ങിയില്ല. 

Follow Us:
Download App:
  • android
  • ios