ദില്ലി: അനീതിക്ക് മുന്നിൽ തല കുനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

കഴിഞ്ഞ ദിവസം ഹാഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ നടപടിയെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

"ഈ ലോകത്ത് ആരെയും ഞാൻ ഭയക്കില്ല. ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല. അസത്യങ്ങളെ സത്യം കൊണ്ട് പരാജയപ്പെടുത്തും.. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്ത് ത്യാഗവും സഹിക്കും. ഹൃദയംഗമമായ ഗാന്ധി ജയന്തി ആശംസകൾ", രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 

അതേസമയം, ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുലിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും ഗൗതം ബുദ്ധ നഗർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഹാഥ്റസിൽ വച്ച് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.