ദില്ലി: കൊവിഡ് കാലത്തെ ഇടപെടല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണോ എന്ന് ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി.  കൊവിഡ് പ്രതിരോധത്തെ സംബന്ധിച്ച ഡിജിറ്റല്‍ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അടഞ്ഞ അധ്യായമാണോ അതോ ഇനിയും സാധ്യതയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് രാഹുല്‍ഗാന്ധി മറുപടി നല്‍കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാജികത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അധ്യക്ഷനെന്ന നിലയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം എനിക്കായിരുന്നു. രാജി വെച്ചപ്പോള്‍ പാര്‍ട്ടിയെ സേവിക്കുമെന്നും ഉപദേശം നല്‍കുമെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. അക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

കൊവിഡ് വ്യാപനത്തിന് ശേഷമുണ്ടായ ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ തേടി, രഘുറാം രാജന്‍, അഭിജിത് ബാനര്‍ജി എന്നിവരുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ച രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. സോണിയാഗാന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്. പ്രതിസന്ധിയെ തുടര്‍ന്ന് ആഗസ്റ്റിലാണ് സോണിയ ഇടക്കാല പ്രസിഡന്റിന്റെ ചുമതലയേല്‍ക്കുന്നത്. എന്നാല്‍ എട്ട് മാസം പിന്നിട്ടിട്ടും അധ്യക്ഷ സ്ഥാനത്തേക്ക് ആളെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഭരണവും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു.