സ്റ്റാർലിങ്ക് ഇന്റർനെറ്റ് അനുമതി വൈകുന്നതിൽ ഇലോൺ മസ്ക് അതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയുടെ യഥാർത്ഥ ബോസ് അംബാനിയാണോ എന്ന മസ്കിന്റെ ചോദ്യത്തിന്, മറ്റൊരാൾ കൂടിയുണ്ടെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി. രാഹുലിന്റെ നിലപാടിനെ പിന്തുണച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും രംഗത്തെത്തി.

ദില്ലി: സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ അനുമതി നൽകുന്നത് വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ശതകോടീശ്വരൻ ഇലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു. 'മുകേഷ് അംബാനിയാണോ ഇന്ത്യയുടെ യഥാർത്ഥ ബോസ്' എന്നാണ് മസ്ക് ചോദിച്ചത്. ഇതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നൽകിയ മറുപടി 'മറ്റൊരാൾ കൂടിയുണ്ട്' എന്നാണ്. മസ്കിന് ഇന്ത്യയിലേക്ക് സ്വാഗതം എന്നും രാഹുൽ ഗാന്ധി കുറിച്ചു. നന്ദി രാഹുൽ എന്നായിരുന്നു മസ്കിന്‍റെ പ്രതികരണം.

സ്റ്റാർലിങ്ക് എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷമായി ലൈസൻസിന് ശ്രമിക്കുകയാണെന്നും എന്നിട്ടും എന്തുകൊണ്ടാണ് ലൈസൻസ് ലഭിക്കാത്തതെന്നും ആണ് മസ്കിന്‍റെ ചോദ്യം. ലോകത്തെ 165 ലധികം രാജ്യങ്ങളിൽ നിലവിൽ സ്റ്റാർലിങ്ക് വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും മസ്ക് അവകാശപ്പെട്ടു. ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയിൽ കുത്തക പുലർത്തുന്ന പ്രാദേശിക ടെലികോം ഭീമന്മാരുടെ ഇടപെടലുകളാണ് സ്റ്റാർലിങ്കിന്റെ വരവ് വൈകിപ്പിക്കുന്നതെന്നാണ് മസ്കിന്‍റെ ആരോപണം. ഇന്ത്യയുടെ യഥാർത്ഥ ബോസ് അംബാനിയാണോ എന്നും മസ്ക് ചോദിച്ചു.

മസ്കിന്റെ പോസ്റ്റിന് മറുപടിയായി രാഹുൽ ഗാന്ധി കുറിച്ചതിങ്ങനെയാണ്: "ഇന്ത്യയിലേക്ക് സ്വാഗതം ഇലോൺ. അടുത്ത ആളെ കൂടി തിരിച്ചറിയുന്നത് വരെ കാത്തിരിക്കൂ". രാഹുൽ ഗാന്ധി ആ മറ്റൊരാൾ ആരാണെന്ന് പേരെടുത്ത് പറഞ്ഞിട്ടില്ല. വ്യവസായി ഗൗതം അദാനിയെ ഉദ്ദേശിച്ചാണ് അദ്ദേഹത്തിന്‍റെ പരാമർശമെന്നാണ് സൂചന. അദാനിക്ക് മോദി സർക്കാരിൽ വൻ സ്വാധീനമുണ്ടെന്നും അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും രാഹുൽ ഗാന്ധി പല തവണ ആരോപിച്ചിട്ടുണ്ട്. രാഹുലിന്‍റെ പ്രതികരണത്തിന് നന്ദി അറിയിച്ച മസ്ക്, 'ഇത് ശരിക്കും ആശങ്കാജനകമാണ്' എന്നും കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. ഡിജിറ്റൽ, സാങ്കേതിക രംഗങ്ങളിലെ വികസനം തടഞ്ഞു നിർത്തരുതെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു.