ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. കൊവിഡിനെ നേരിടാന്‍ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം. പരിശോധന വ്യാപകമാക്കണം. കൊവിഡ് പ്രതിരോധം നടക്കേണ്ടത് സംസ്ഥാന, ജില്ലാ തലങ്ങളിലാണ്. ഇക്കാര്യത്തില്‍ കേരളവും വയനാടും വിജയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12380 ആയി ഉയര്‍ന്നു. മരണം 414 ആയി. 24 മണിക്കൂറിനുള്ളിൽ 37 പേരാണ് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണവും 24 മണിക്കൂറിൽ ആയിരം കടന്നു. ആറ് ദിവസത്തിനുള്ളിൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 3000 കടന്നു. ദില്ലി, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടുന്നെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.