സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ ഗാന്ധി പങ്കെടുക്കും. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും കാൽനട ജാഥ നടക്കും.
ദില്ലി: കൂടെ ആരുമില്ലെങ്കിലും മോദി സർക്കാറിനെതിരെ ഒറ്റയ്ക്ക് പോരാടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും പാർട്ടിയേൽപ്പിച്ച സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ആരും കൂടെയില്ലെങ്കിലും മോദി സർക്കാരിനെതിരെ ഒറ്റയ്ക്ക് പോരാടാൻ തയ്യാറാണെന്ന് ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിച്ച കോൺക്ലേവിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർട്ടിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. 150-ലധികം സിവിൽ സൊസൈറ്റി സംഘടനകളും പ്രസ്ഥാനങ്ങളും പ്രൊഫഷണലുകളും യൂണിയനുകളും പങ്കെടുത്ത ‘ഭാരത് ജോഡോ യാത്ര’ രാഹുൽ ഗാന്ധി സെപ്തംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കും. 3500 കിലോമീറ്റർ മാർച്ചിന് രാഹുൽ ഗാന്ധി പൗരപ്രമുഖരുടെ പിന്തുണ തേടി.
അരുണ റോയ്, സയ്യിദ ഹമീദ്, ശരദ് ബെഹർ, പി വി രാജ്ഗോപാൽ, ബെസ്‌വാഡ വിൽസൺ, ദേവനൂറ മഹാദേവ, ജിഎൻ ദേവി, യോഗേന്ദ്ര യാദവ് എന്നിവരുൾപ്പെടെയുള്ള സിവിൽ സൊസൈറ്റി പ്രവർത്തകരും കോൺക്ലേവിൽ പങ്കെടുത്തു. മോദി സർക്കാറിനെതിരെയുള്ള പോരാട്ടത്തിൽ തന്നെ പിന്തുണക്കുന്നത് ആരായാലും സ്വീകരിക്കുമെന്നും ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഒറ്റയ്ക്ക് പോരാടാൻ തയ്യാറാണെന്നും രാഹുൽ സമ്മേളനത്തിൽ അറിയിച്ചു. മുതിർന്ന നേതാവ് ജയറാം രമേശും സമ്മേളനത്തിൽ പങ്കെടുത്തു. പ്രതിനിധികളുടെ ചോദ്യത്തിന് ഒന്നരമണിക്കൂറോളം രാഹുൽ മറുപടി നൽകിയെന്ന് ജയറാം രമേഷ് പറഞ്ഞു.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും സാമ്പത്തിക സമ്പത്തിന്റെ കേന്ദ്രീകരണവും വർദ്ധിച്ചുവരുന്ന പ്രാദേശിക അസമത്വവും കാരണം രാജ്യം ഗുരുതരമായ സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്ന് ജയറാം രമേശ് പറഞ്ഞു. ജാതി, മതം, വസ്ത്രം, ഭക്ഷണം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക ധ്രുവീകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. 3,500 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്രയുടെ ലോഗോയും ടാഗ്‌ലൈനും വെബ്‌സൈറ്റും ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ ഗാന്ധി പങ്കെടുക്കും. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും കാൽനട ജാഥ നടക്കും. ഏകദേശം 3,500 കിലോമീറ്റർ യാത്ര 150 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
