ദില്ലി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ അതീവ ദുഖിതനായി മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കൂടുതല്‍ നന്നായി തയാറെടുക്കാന്‍ നമുക്ക് സമയം കിട്ടിയിരുന്നു.

നമ്മള്‍ ഈ ഭീഷണിയെ കൂടുതല്‍ ഗൗരവമായി കാണേണ്ടിയിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ വളരെയധികം ദുഃഖമുണ്ടെന്നും രാഹുല്‍ കുറിച്ചു. കൊവിഡ് 19 വൈറസ് പടരുമ്പോള്‍ നേരിടുന്ന ദുരവസ്ഥയെ കുറിച്ചുള്ള ഒരു സര്‍ക്കാര്‍ ഡോക്ടറുടെ വികാരഭരിതമായ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.

അതേസമയം, കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ബഹുഭൂരിപക്ഷം മേഖലയിലും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആദായനികുതി റിട്ടേണിന്റെയും ജിഎസ്ടി റിട്ടേണിന്റെയും തീയതികള്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടി. മാര്‍ച്ച് 31-നകം ആദായനികുതി റിട്ടേണ്‍ നല്‍കേണ്ടിയിരുന്നത് ജൂണ്‍ 30-ലേക്ക് നീട്ടി.

ആദായനികുതിയുമായി ബന്ധപ്പെട്ട മറ്റ് സെറ്റില്‍മെന്റുകളും നോട്ടീസുകളും എല്ലാം ജൂണ്‍ 30-നകം തീര്‍പ്പാക്കിയാല്‍ മതി. ആദായനികുതി വൈകിയാലുള്ള പിഴ 12 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഒപ്പം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതിയും ജൂണ്‍ 30- ആക്കി നീട്ടിയിട്ടുണ്ട്. ഇതിന് മുമ്പ് മാര്‍ച്ച് 31-നകം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്നാണ് അന്തിമനിര്‍ദേശം നല്‍കിയിരുന്നത്.

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആക്കി ദീര്‍ഘിപ്പിച്ചു. എന്നാല്‍, കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ നിര്‍മലാ സീതാരാമന്‍ തയ്യാറായില്ല.

നിലവില്‍ അത്തരമൊരു പാക്കേജിന്റെ പണിപ്പുരയിലാണെന്നും, വൈകാതെ പാക്കേജ് പ്രഖ്യാപിക്കാമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നും, അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.