ദില്ലി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി. പാര്‍ലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ആലോചിക്കാന്‍ സോണിയ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിലാണ് രാഹുല്‍ നിലപാട് ആവ‌‌ർത്തിച്ചത്. മനീഷ് തിവാരിയും ശശി തരൂരുമടക്കമുള്ള നേതാക്കൾ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ അറിയിക്കുകയായിരുന്നു. 

ഹരിയാന, മഹാരാഷ്ട്ര, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഇനി അധികം ദിവസങ്ങളില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ രാജി തീരുമാനം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ യോ​ഗത്തിൽ പറഞ്ഞു. 

തോൽവി ഒരാളുടെ മാത്രം തലയിൽ കെട്ടിവക്കാവുന്നതല്ലെന്ന് ശശി തരൂർ അടക്കമുള്ള നേതാക്കൾ നിലപാടെടുത്തെങ്കിലും താൻ തീരുമാനമെടുത്തു കഴിഞ്ഞു എന്ന് രാഹുൽ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മെയ് 25ന് ചേർന്ന കോൺഗ്രസ് വ‍ർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ ആദ്യമായി രാജി സന്നദ്ധത അറിയിച്ചത്. അന്ന് തന്നെ ഈ തീരുമാനം പിൻവലിക്കണമെന്ന് നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.

നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെയുള്ളയാള്‍ അധ്യക്ഷനാകണമെന്ന നിര്‍ദ്ദേശമാണ് രാഹുല്‍ മുന്നോട്ട് വച്ചത്. അതേസമയം സംഘടനാകാര്യങ്ങളില്‍ രാഹുല്‍ ഇപ്പോൾ ഇടപെടുന്നുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ രാഹുൽ ​ഗാന്ധി കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. നാളെ മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളെ രാഹുല്‍ കാണും. സംസ്ഥാനങ്ങളില്‍ നേതൃയോഗങ്ങളും നിര്‍വ്വാഹകസമിതികളും ചേരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ രാഹുല്‍ അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുഗ്ലക്ക് റോഡിലെ വസതിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി.

അധ്യക്ഷപദവിയിൽ തുടരുമ്പോഴും കോൺഗ്രസിന്‍റെ നയപരമായ തീരുമാനങ്ങളിൽ നിന്നും ഭരണപരമായ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന രാഹുൽ ഗാന്ധി കഴിഞ്ഞ ആഴ്ച ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നേതാക്കളുമായി ചർച്ച നടത്തിയിരുന്നു, രാജി തീരുമാനം പുനപരിശോധിക്കുമന്നതിന്‍റെ സൂചനയായി ഇത് കണക്കാക്കിയിരുന്നെങ്കിലും രാജി എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. 

എന്തുകൊണ്ടാണ് രാഹുൽ ചുമതലകളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. സമാനമായ തോൽവികളെ മുമ്പും കോൺഗ്രസ് നേരിട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇതിലും വലിയ വെല്ലുവിളികൾ നേരിട്ടവരാണ്. അവരെല്ലാം തോൽവിയിൽ നിന്ന് പാഠം പഠിച്ച്, തിരികെ പോരാടി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നവരാണ്. കോൺഗ്രസിൽ രാജീവ് ഗാന്ധിയുടെ മരണശേഷം വർഷങ്ങളായി അപ്രസക്തയായിരുന്ന സോണിയാഗാന്ധിയും സമാനമായ രീതിയിലാണ് പാർട്ടിയിൽ സ്ഥാനമുറപ്പിച്ചതും അധികാരം കൈയാളിയതും. അതേ രീതിയിൽ എന്തുകൊണ്ട് രാഹുൽ അധികാരം നേടാൻ ശ്രമിക്കുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം.

നിലവിലെ സ്ഥിതിയിൽ കോൺഗ്രസിൽ നിന്ന് രാഹുലിന്‍റെ നേതൃത്വത്തിനെതിരെ വലിയ കലാപം ഉയരില്ലെന്ന് ഉറപ്പാണ്. അത്തരമൊരു കലാപസാധ്യത ഒരു സംസ്ഥാനങ്ങളിലെ ഘടകങ്ങളിലുമില്ല. ഈ സാഹചര്യത്തിലും സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി എന്നതാണ് രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തുന്നത്.