ദില്ലി: അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പാര്‍ട്ടിചുമതലകളില്‍ രാഹുല്‍ഗാന്ധി സജീവമാകുന്നു. സംസ്ഥാന തലത്തില്‍ നേതൃയോഗങ്ങളും, നിര്‍വ്വഹക സമിതിയും വിളിച്ചു ചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദ്ദേശം നല്‍കി.

അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധതയറിയിച്ച രാഹുല്‍ ഗാന്ധി പകരക്കാരനെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും നടന്നില്ല. തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ ഇടപെട്ട് തുടങ്ങുന്നത്. മറ്റന്നാള്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദ്ദേശം നല്‍കി. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹരിയാന, ദില്ലി ഘടകങ്ങളുടെ യോഗവും നടക്കും. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാനാണ് യോഗങ്ങൾ ചേരുന്നത്. നിര്‍വ്വാഹകസമിതിയും, നേതൃയോഗങ്ങളും ചേരാന്‍ സംസ്ഥാനങ്ങള്‍ക്കും നിർദേശം നൽകിയ രാഹുൽ പിന്നാലെ ദില്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും ചേരും. പകരക്കാരനില്ലാത്ത പദവിയില്‍ തുടരണമെന്ന് നേതാക്കള്‍ വീണ്ടും ആവശ്യപ്പെടും

യുപിയിലെ എല്ലാ ഡിസിസികളും പിരിച്ചുവിടാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. കർണാടകയിൽ കെപിസിസി അധ്യക്ഷ, ഉപാധ്യക്ഷ പദവികൾ നിലനിര്‍ത്തി പിസിസി അംഗങ്ങളേയും പിരിച്ചുവിട്ടിരുന്നു. ഈ തീരുമാനങ്ങള്‍ക്ക് പിന്നിലും രാഹുലാണ്. പ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ രാഹുല്‍ പ്രത്യേകം കണ്ടേക്കുമെന്നും സൂചനയുണ്ട്.