നിങ്ങളിനിയും പഠിച്ചില്ലേ? 'ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച ദുശ്ശകുനം' പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി
ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലായിരുന്നു മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രംഗത്തെത്തിയത്.

ദില്ലി: ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. സ്റ്റേഡിയത്തിൽ ദുശ്ശകനം എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും, ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹസം. ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലായിരുന്നു മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രംഗത്തെത്തിയത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ പരിഹാസത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. 'രാഹുൽ ഗാന്ധി, നിങ്ങൾക്ക് എന്താണ് സംഭവിച്ചത്? രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറിച്ചാണ് നിങ്ങൾ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി കളിക്കാരെ കാണുകയും അവരെ ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. ജയവും തോൽവിയും കളിയുടെ ഭാഗമാണെന്നും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ നിന്ന് നിങ്ങൾ പഠിക്കണം. താങ്കളുടെ അമ്മ സോണിയ ഗാന്ധി നരേന്ദ്ര മോദിയെ മരണത്തിന്റെ വ്യാപാരി എന്ന് വിശേഷിപ്പിച്ചു. ഇപ്പോൾ കോൺഗ്രസ് എവിടെയാണെന്ന് നോക്കൂവെന്നും രവിശങ്കർ പറഞ്ഞു.
ടീം ഇന്ത്യക്കൊപ്പം എല്ലാ കാലവും രാജ്യത്തെ ജനങ്ങൾ നിലകൊള്ളുമെന്ന് തോൽവിക്ക് ശേഷം മോദി പറഞ്ഞിരുന്നു. മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രോഹിത്തിനെയും കോലിയെയും തോളില്‍ തട്ടി ആശ്വസിപ്പിച്ചു. പത്ത് കളികള്‍ ജയിച്ചാണ് നിങ്ങള്‍ ഇവിടെയെത്തിയത്. കളിയില്‍ ഇതൊക്കെ സംഭവിക്കുമെന്ന് പറഞ്ഞ് ഇരുവരുടെയും കൈ പിടിച്ച് ആശ്വാസവാക്കുകള്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി കൈ പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും ഇരുവരുടെയും മുഖത്ത് ചിരിയായിരുന്നില്ല നിറഞ്ഞു നിന്നത്, നിരാശയും സങ്കടവുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം