അമേത്തി: തെരെഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി ആദ്യമായി അമേത്തിയില്‍. 'അമേത്തിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷിക്കുന്നു. വീട്ടില്‍ തിരിച്ചെത്തിയ പ്രതീതിയാണെനിക്ക് തോന്നുന്നത്', സന്ദര്‍ശന ശേഷം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററില്‍ 10 ദശലക്ഷം ഫോളോവേഴ്സ് ആയതിനും രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു. 10 ദശലക്ഷം ഫോളോവേഴ്സിനെ ലഭിച്ചത് അമേത്തിയില്‍ ആഘോഷിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണുമെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. 

അമേത്തി മണ്ഡലത്തില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിക്കെതിരെയാണ് രാഹുല്‍ ഗാന്ധി 55000ത്തോളം വോട്ടിന് പരാജയപ്പെട്ടത്. നെഹ്റു കുടുംബത്തിന് അമേത്തി മണ്ഡലവുമായുള്ള ബന്ധം തുടരുന്നതിന് വേണ്ടിയാണ്  രാഹുല്‍ ഗാന്ധി അമേത്തി സന്ദര്‍ശിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുമായ കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ചിലരുടെ വീടുകള്‍ സന്ദര്‍ശിച്ചു. 2004 മുതല്‍ 2014 വരെ അമേത്തിയില്‍നിന്നായിരുന്നു രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ അമേത്തിയില്‍ പരാജയപ്പെട്ടെങ്കിലും വയനാട് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തി.