സിജെപി മാർച്ചിനിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റവരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലെത്തി കണ്ടു. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ദില്ലി: കോക്റോച്ച് ജനത പാർട്ടിയുടെ പാർലമെൻ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും. ആളുകളെ തല്ലിച്ചതയ്ക്കുന്നത് ഇന്ത്യൻ സംസ്കാരത്തിൻ്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയിൽ പ്രധാനമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഇത് വിദ്യാർത്ഥികളുടെ പ്രശ്നമാണെന്നും യുവാക്കളുടെ ഭാവിയുടെ കാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരും ഉണ്ടായിരുന്നു.
വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് താനും മറ്റ് പ്രതിപക്ഷ എംപിമാരും സ്പീക്കറെ കണ്ടിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചർച്ച നടത്തണമെങ്കിൽ സർക്കാരിൻ്റെ അനുമതി വേണമെന്നാണ് സ്പീക്കർ പറഞ്ഞത്. പാർലമെൻ്റിൽ ഒരു വിഷയം ചർച്ച ചെയ്യാൻ സർക്കാരിൻ്റെ അനുമതി വേണമെന്ന് പറയുന്നതിൻ്റെ അർത്ഥം നിങ്ങൾ മനസിലാക്കുന്നുണ്ടോ എന്നും രാഹുൽ ചോദിച്ചു.
രാജ്യത്തെ ചെറുപ്പക്കാരോട് കാട്ടിയ ഈ ക്രൂരതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണം എന്നീ ആവശ്യങ്ങളിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ശശി തരൂർ, ഭൂപേഷ് ബാഗേൽ, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ തുടങ്ങിയവും പൊലീസ് നടപടിയെ ശക്തമായി വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാളും ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ കണ്ടു
അതേസമയം, രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച അരങ്ങേറിയ സംഘർഷത്തിൽ 118ലധികം പൊലീസുകാർക്ക് പരിക്കേറ്റതായി ഡൽഹി പൊലീസ് അറിയിച്ചു. നിരവധി പ്രതിഷേധക്കാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. അതിനിടെ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ആർഎംഎൽ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു.


