കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറിനോടും കെ സി വേണുഗോപാലിനോടും സംസാരിച്ച രാഹുല്‍ ഗാന്ധി അച്ചടക്ക ലംഘനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്നാണ് വിവരം. ഇപ്പോള്‍ വി ഡി സതീശന്‍ നടത്തുന്ന അനുനയനീക്കത്തിന്‍റെ തുടര്‍ പ്രതികരണങ്ങള്‍ ഹൈക്കമാന്‍റ് വീക്ഷിക്കുന്നുണ്ട്. 

ദില്ലി: മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ കടുത്ത അതൃപ്തിയറിയിച്ച് രാഹുല്‍ ഗാന്ധി. ഹൈക്കമാന്‍റ് അംഗീകരിച്ച ഡിസിസി പട്ടികയ്‍ക്കെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുദ്ധം തുടരുന്നതില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തി കെ സി വേണുഗോപാല്‍ ഹൈക്കമാന്‍റ് നിലപാട് ആവര്‍ത്തിച്ചിട്ടും രമേശ് ചെന്നിത്തല അച്ചടക്കം മറന്നു. കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറിനോടും കെ സി വേണുഗോപാലിനോടും സംസാരിച്ച രാഹുല്‍ ഗാന്ധി അച്ചടക്ക ലംഘനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്നാണ് വിവരം.

ഇപ്പോള്‍ വി ഡി സതീശന്‍ നടത്തുന്ന അനുനയനീക്കത്തിന്‍റെ തുടര്‍ പ്രതികരണങ്ങള്‍ ഹൈക്കമാന്‍റ് വീക്ഷിക്കുന്നുണ്ട്. നേതാക്കള്‍ പ്രകോപനം തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഹൈക്കമാന്‍റ് നിര്‍ബന്ധിതം ആയേക്കുമെന്നാണ് ചില നേതാക്കള്‍ നല്‍കുന്ന സൂചന. അനുനയനീക്കം ഒരുവശത്ത് നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍റിനെ പരാതി അറിയിച്ചു.

ബോധപൂര്‍വ്വം നേതാക്കള്‍ പ്രകോപനമുണ്ടാക്കുന്നുവെന്ന പരാതിയാണ് കെ സുധാകരനെയും വി ഡി സതീശനെയും അനുകൂലിക്കുന്ന വിഭാഗം ഹൈക്കമാന്‍റിനെ അറിയിച്ചിരിക്കുന്നത്. നേതൃമാറ്റം അംഗീകരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറാകുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ കൂടി അറിവോടെയാണ് ചെന്നിത്തലയുടെ പ്രകോപനമെന്നും പരാതിയില്‍ പറയുന്നു. പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍റ് നേരിട്ട് ഇടപെടണമെന്നാണ് ഫോണിലൂടെയും ഇമെയിലൂടെയും വരുന്ന പരാതികളിലെ പ്രധാന ആവശ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.