ഭാരതപ്പുഴ കടന്നാൽ മാത്രമേ കോൺ​ഗ്രസിന് എംഎൽഎ ഉള്ളൂ എന്ന കാലം ഉണ്ടായിരുന്നുവെന്ന് ഓ‌‌‌‌ർമ്മിപ്പിച്ച ആന്‍റണി ആറടി മണ്ണിൽ കുഴിച്ചു മൂടാൻ പോയ കോൺ​ഗ്രസ് ഉയ‌‌ർത്തെഴുന്നേൽക്കുകയായിരുന്നുവെന്നും ഓ‌ർമ്മപ്പെടുത്തി. 

ദില്ലി: രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ്സിനെ നയിക്കണമെന്നും കോൺഗ്രസ്സിനെ ആർക്കും എഴുതിത്തള്ളാനാകില്ലെന്നും എകെ ആന്‍റണി. തനിക്കെതിരെ അടക്കം ഉയരുന്ന വിമർശനങ്ങൾക്കിടെയാണ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്‍റെ ചരിത്രം ആന്‍റണി ഓ‌ർമ്മിപ്പിക്കുന്നത്.

ജനാധിപത്യത്തിൽ തോൽവിയും ജയവും ഒന്നും സ്ഥിരമല്ല, സോണിയ ​ഗാന്ധിയുടെ അഭിപ്രായങ്ങൾ തേടി രാഹുൽ തന്നെ പാ‌‌ർട്ടിയെ നയിക്കണമെന്ന് പറഞ്ഞ ആന്‍റണി ആ‌ർക്കും കോൺ​ഗ്രസിനെ എഴുതി തള്ളാൻ ആകില്ലെന്ന് വ്യക്തമാക്കി.

കേരളത്തിൽ 20ൽ 19 സീറ്റാണ് കോൺ​ഗ്രസ് നേടിയതെന്ന് ആന്‍റണി ചൂണ്ടിക്കാട്ടി. ഈ കാറ്റൊന്നും കാറ്റല്ല എന്ന് പറഞ്ഞ ആന്‍റണി. ഭാരതപ്പുഴ കടന്നാൽ മാത്രമേ കോൺ​ഗ്രസിന് എംഎൽഎ ഉള്ളൂ എന്ന കാലം ഉണ്ടായിരുന്നുവെന്നും ആറടി മണ്ണിൽ കുഴിച്ചു മൂടാൻ പോയ കോൺ​ഗ്രസ് ഉയ‌‌ർത്തെഴുന്നേൽക്കുകയായിരുന്നുവെന്നും ഓ‌ർമ്മപ്പെടുത്തി. 

1977ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ​ഗാന്ധി വരെ തോറ്റു. ഹിന്ദി മേഖലയിൽ പൂ‍ർണ്ണ പരാജയമായിരുന്നു എന്നിട്ടു കോൺ​ഗ്രസ് തിരിച്ചു വന്നു. തോറ്റു തുന്നം പാടി എന്ന് പറയപ്പെടുന്ന ഈ തെര‍ഞ്ഞെടുപ്പിലും 12 കോടി വോട്ട‌ർമാ‌ർ കോൺ​ഗ്രസിന് വോട്ട് ചെയ്തു ആന്‍റണി പറയുന്നു. 

ദേശീയ തലത്തിലെ കനത്ത തോൽവിക്ക് കാരണം ആന്‍റണിയും കെ സി വേണുഗോപാലുമാണെന്ന സൈബർ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ആന്‍റണി പഴയകാല ചരിത്രത്തെക്കുറിച്ച് വാചാലനായത്. യുപിയിൽ സഖ്യം പൊളിച്ചത് ആന്‍റണിയാണെന്നും കർണാടകയിൽ തോറ്റതിന് കാരണം വേണുഗോപാലാണെന്നുമാണ് പ്രചാരണങ്ങൾ. 

കൂടുതൽ വായനക്ക് : തോൽവിക്ക് കാരണം ആന്‍റണിയോ? കോൺഗ്രസിൽ ഗ്രൂപ്പുകൾ തമ്മിൽ സൈബര്‍ വിഴുപ്പലക്കൽ