Asianet News MalayalamAsianet News Malayalam

ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ദില്ലിക്കില്ല, സോണിയ ഗാന്ധിയെ കാണാനുള്ള തീരുമാനത്തില്‍ മാറ്റം

യാത്രയിൽ ഉടനീളം രാഹുലിനൊപ്പമുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സോണിയ ഗാന്ധി വിളിപ്പിച്ചതിനെ തുടർന്ന് ചേർത്തലയിൽ  നിന്ന് ദില്ലിക്ക് പോയിരുന്നു.

Rahul will not go to Delhi during the Bharat Jodo Yatra
Author
First Published Sep 20, 2022, 7:03 PM IST

ദില്ലി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ദില്ലിക്ക് പോകില്ല. വെള്ളിയാഴ്ച്ച സോണിയ ഗാന്ധിയെ കാണാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി. യാത്രയിൽ ഉടനീളം രാഹുലിനൊപ്പമുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സോണിയ ഗാന്ധി വിളിപ്പിച്ചതിനെ തുടർന്ന് ചേർത്തലയിൽ  നിന്ന് ദില്ലിക്ക് പോയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്  രാഹുൽ ഗാന്ധിയുടെ സാധ്യത തള്ളാതെയായിരുന്നു കെ സി വേണുഗോപാലിന്‍റെ പ്രതികരണം. 

രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് സംസ്ഥാനഘടകങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി പ്രമേയം പാസാക്കുന്ന പശ്ചാത്തലത്തിലാണ് സ്ഥാനാര്‍ത്ഥിത്വ സാധ്യത കെ സി വേണുഗോപാല്‍ പൂര്‍ണ്ണമായും തള്ളാതിരുന്നത്. ഭാരത് ജോഡോ യാത്രക്കിടെ കെ സി വേണുഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച സോണിയ ഗാന്ധി ഒരു മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. രാഹുലല്ലാതെ മറ്റാരെയും അധ്യക്ഷനായി അംഗീകരിക്കില്ലെന്ന സംസ്ഥാനഘടകങ്ങളുടെ നിലപാട്  ചര്‍ച്ചയായി. 

രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ മത്സരത്തില്‍ നിന്ന് ശശി തരൂര്‍ പിന്മാറിയേക്കും. അങ്ങനെയെങ്കില്‍ മനീഷ് തിവാരി മത്സരിക്കും. ഇതിനിടെ മത്സരത്തിന് കൂടുതല്‍ ഉപാധികള്‍ മുന്‍പോട്ട് വച്ച് ഹൈക്കമാന്‍ഡിനെ അശോക് ഗലോട്ട് സമ്മര്‍ദ്ദത്തിലാക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനവും, പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഒന്നിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണം അതല്ലെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന നിലപാടാണ് ഗലോട്ടിന്‍റേത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ അനുവദിക്കില്ലെന്നാണ് ഗലോട്ടിന്‍റെ നിലപാട്.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും ഗാന്ധി കുടുംബം സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. മത്സരിക്കുന്നവര്‍ക്ക് തുല്ല്യ പരിഗണന നല്‍കുമെന്ന നിലപാട് താഴേത്തട്ടിലേക്ക് നല്‍കാനും സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു. എന്നാൽ  ഇതിന് ശേഷമുള്ള കെ സി വേണുഗോപാലിന്‍റെ പ്രതികരണം രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം അടഞ്ഞ അദ്ധ്യായം അല്ല എന്ന സൂചനയാണ് നല്‍കുന്നത്. 

Follow Us:
Download App:
  • android
  • ios