ഭുവനേശ്വർ: ഒരുവർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഒഡീഷയിലെ ബിച്ചുപാലി റെയിൽവേ സ്റ്റേഷനിൽ യാത്ര ചെയ്യുന്നത് രണ്ട് പേർ മാത്രം. ഹേമന്ദ് പാണ്ഡെ എന്നയാൾ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രതിദിനം 20 രൂപ മാത്രമാണ് റെയിൽവേ സ്റ്റേഷന്റെ വരുമാനമെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 

നാല് ജീവനക്കാർ ജോലി ചെയ്യുന്ന സ്റ്റേഷനിൽ 3.5 ലക്ഷം രൂപയാണ് ഒരു മാസത്തെ നടത്തിപ്പ് ചെലവ്. സ്റ്റേഷൻ മാസ്റ്റർ, അസി. സ്റ്റേഷൻ മാസ്റ്റർ, രണ്ട് ക്ലറിക്കൽ ജീവനക്കാർ എന്നിവരാണ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത്. പുതിയ റെയിൽവേ സ്റ്റേഷന്റെ വരവ് ചെലവ് കണക്കുകൾ ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

115 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന സ്റ്റേഷനിൽ  മൂന്ന് കോച്ചുകളുള്ള രണ്ട് പാസഞ്ചർ ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. പുലർച്ചെ 6.30നും ഉച്ചയ്ക്ക് 1.30നുമാണ് ഈ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനുകൾ പുറപ്പെടുന്നത്.