ദില്ലി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുന്നതിന് റെയില്‍വേ പണം ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് വാര്‍ത്തപുറത്തുവിട്ടത്. സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ ടിക്കറ്റ് ചാര്‍ജാണ് ഈടാക്കുന്നത്. ട്രെയിനില്‍ നല്‍കുന്ന ഭക്ഷണത്തിനും വെള്ളത്തിനും പണം ഈടാക്കും. ഭക്ഷണത്തിന് 30 രൂപയും വെള്ളത്തിന് 20 രൂപയുമാണ് ഈടാക്കുക. അതത് സംസ്ഥാനങ്ങളായിരിക്കും റെയില്‍വേക്ക് പണം നല്‍കേണ്ടതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ചയാണ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ തുടങ്ങിയത്. കേരളം, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണ് ആദ്യം ട്രെയിനുകള്‍ പുറപ്പെട്ടത്. ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കായിരുന്നു ആയിരത്തിലേറെ തൊഴിലാളികളുമായി പുറപ്പെട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തിയേക്കും. കുടിയേറ്റ തൊഴിലാളികളെ ബസില്‍ നാട്ടിലെത്തിക്കണമെന്നാണ് കേന്ദ്രം ആദ്യ നിര്‍ദേശിച്ചത്. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയതോടെ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുകയായിരുന്നു.

റെയില്‍വേയുടെ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. പാവപ്പെട്ട തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കുന്ന റെയില്‍വേ നടപടി അപമാനകരമാണെന്നും സ്വന്തം പേരില്‍ മോദി സ്വരൂപിച്ച ഫണ്ട് എന്താണ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. 

3.60 ലക്ഷം അതിഥി തൊഴിലാളികള്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്ക്്. ഇവരില്‍ മഹാഭൂരിപക്ഷവും നാട്ടില്‍ പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഒരു വലിയ തുക സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് നല്‍കേണ്ടി വരും.