മുംബൈ: അഞ്ച് വർഷത്തെ ഭരണകാലയളവിൽ പ്രധാനമന്തി നരേന്ദ്രമോദി ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിനെതിരെ എംഎന്‍എസ് തലവന്‍ രാജ് താക്കറെ. വാർത്താ സമ്മേളനമെന്ന പേരിൽ നടന്നത് ‘മൗന്‍ കീ ബാത്ത്’ ആണെന്ന് താക്കറെ പരിഹസിച്ചു. മോദിയുടെ നിശബ്ദത പരാജയത്തിന്റെ സൂചനയാണെന്നും രാജ് താക്കറെ  പറഞ്ഞു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എല്ലാ കാര്യങ്ങളും പറയുമായിരുന്നുവെങ്കിൽ എന്തിനാണ് പ്രധാനമന്ത്രി വാർത്താ സമ്മേളനത്തിന് എത്തിയത്? കഴിഞ്ഞ അഞ്ചുവർഷത്തെ നിങ്ങളുടെ ഭരണത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാൻ സാധിച്ചില്ലെങ്കിൽ അത്, നിങ്ങൾ മാനസികമായി തോൽവി സമ്മതിച്ചതിന്റെ സൂചനയാണ്'- രാജ് താക്കറെ പറഞ്ഞു.

മറ്റുള്ളവർ പറയുന്നത് കേൾക്കാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മോദി സംസാരിക്കുകയും ജനങ്ങള്‍ കേള്‍ക്കുകയുമാണ് ചെയ്തതെന്നും താക്കറെ കുറ്റപ്പെടുത്തി.

വെള്ളിയാഴ്ചയാണ് അമിത്​ ഷായ്ക്കൊപ്പമെത്തി​ മോദി മാധ്യമങ്ങളെ കണ്ടത്​. എന്നാല്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒന്നിന് പോലും മോദി മറുപടി പറഞ്ഞില്ല. 'പാർട്ടി അധ്യക്ഷൻ സംസാരിക്കുമ്പോൾ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങൾക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മോദി പറഞ്ഞത്. മോദിയുടെ ഈ നടപടിയെ വിമർശച്ചും പരിഹസിച്ചും കൊണ്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു.