ചെന്നൈ: പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി അന്തിമവട്ട ചർച്ചകൾക്കായി രജനീകാന്ത് വിളിച്ച ആരാധക കൂട്ടായ്മയുടെ യോഗം ചെന്നൈയിൽ തുടങ്ങി. രജനീകാന്തിന്‍റെ ആരാധക സംഘടനയായ രജനീ മക്കൾ മണ്ഡ്രം ജില്ലാ സെക്രട്ടറിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യോഗശേഷം നിർണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അഭ്യൂഹം. 

രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് രജനീകാന്ത് പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന തരത്തിലുള്ള സൂചനകൾ നൽകുന്നത്. "രാഷട്രീയ പ്രാധാന്യമുള്ള" പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രജനീ മക്കൾ മണ്ഡ്രം പ്രവർത്തകർ നൽകുന്ന സൂചന. 2021ൽ നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രജനീകാന്തിന്‍റെ പാർട്ടി മത്സരരംഗത്തുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. 

തമിഴ്നാട്ടിലെ നിലവിലെ ഭരണകക്ഷിയായ എഐഎഡിഎംകെയും പ്രധാന പ്രതിപക്ഷമായ ഡിഎംകെയും രജനിയുടെ നീക്കം എന്തായിരിക്കുമെന്ന് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് രജനീകാന്ത് ആരാധകരെ അറിയിച്ചു. പാർട്ടി നേതൃപദവി മാത്രം ഏറ്റെടുത്ത് തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് രജനീകാന്ത് ചർച്ചക്കിടെ ആരാധകരോട് പറഞ്ഞത്. എംജിആറിന്‍റെ രാഷ്ട്രീയ പാത പിന്തുടരുമെന്നാണ് സൂപ്പർ സ്റ്റാറിന്‍റെ പ്രഖ്യാപനം. ആരാധക കൂട്ടായ്മയുടെ യോഗത്തിലാണ് രജനി നിലപാട് വ്യക്തമാക്കിയത്

എന്നാൽ ഇതിനെ ആരാധകരുടെ കൂട്ടായ്മ എതിർത്തു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ രംഗത്തിറങ്ങണമെന്നാണ് രജനീ മക്കൾ മണ്ഡ്രം ആവശ്യപ്പെടുന്നത്.