ബിജെപി രാജസ്ഥാൻ അധ്യക്ഷൻ മദൻ റാത്തോഡിന്റെ പ്രസ്താവന വിവാദത്തിൽ. പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന് അദ്ദേഹം. ജയ്പുരിൽ നടന്ന പരിപാടിയിലാണ് വിവാദ പ്രസ്താവന നടത്തിയത്.

ജയ്പുർ: പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന ബിജെപി നേതാവിൻ്റെ പ്രസ്താവന വിവാദത്തിൽ. ബിജെപി രാജസ്ഥാൻ അധ്യക്ഷൻ മദൻ റാത്തോഡിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടി (എഎപി) യും രംഗത്ത്. ജയ്പുരിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു മദൻ റാത്തോഡിൻ്റെ വിവാദ പ്രസ്താവന. പാകിസ്ഥാൻ ഇന്ത്യയുടെ അയൽരാജ്യമായതിനാൽ യുദ്ധത്തിൽ ഇന്ത്യ അയൽരാജ്യത്തിനൊപ്പം നിൽക്കുമെന്നായിരുന്നു മദൻ റാത്തോഡ് പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ തൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് ആരോപിച്ച് മദൻ റാത്തോഡ് രംഗത്തെത്തി.

"നാം എല്ലാവരും ഇത് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ കാര്യം വരുമ്പോൾ... ഇന്ന് അമേരിക്കയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ, നമ്മൾ പാകിസ്താനൊപ്പം നിൽക്കും, കാരണം അവർ നമ്മുടെ അയൽക്കാരാണ്... എന്നാൽ നമ്മൾ തമ്മിലുള്ള ഒരു പ്രശ്നമാകുമ്പോൾ, നമ്മൾ നമ്മുടെ ഇന്ത്യക്കൊപ്പം നിൽക്കും. ശരിയല്ലേ? അതാണ് നമ്മൾ മനസ്സിലാക്കേണ്ടത്"- മദൻ റാത്തോഡ് പറഞ്ഞു.

മദൻ റാത്തോഡിനെ രാജ്യദ്രോഹിയെന്ന് വിമർശിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തി. നമ്മുടെ സൈനികരെയും ജനങ്ങളെയും കൊല്ലുന്ന തീവ്രവാദ രാജ്യമായ പാകിസ്ഥാനോട് ബിജെപിക്കുള്ള സ്നേഹം ഒരു തവണ കൂടി വെളിപ്പെട്ടിരിക്കുകയാണെന്ന് ഷമ മുഹമ്മദ് പറഞ്ഞു. അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ താൻ പാകിസ്ഥാനൊപ്പം നിൽക്കുമെന്നാണ് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോഡ് പറയുന്നത്. ഈ രാജ്യദ്രോഹിക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നും ഷമ മുഹമ്മദ് പറഞ്ഞു.

പൊതുജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർ പാകിസ്ഥാനികളാകുന്നുവെന്നും യുവാക്കൾ ശബ്ദമുയർത്തുമ്പോൾ അവർ തീവ്രവാദികളാകുന്നുവെന്നും പറഞ്ഞ എഎപി, ഒരു ബിജെപി നേതാവ് പാകിസ്ഥാനൊപ്പം നിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ മോദിയുടെ ദേശീയത എങ്ങോട്ടാണ് അപ്രത്യക്ഷമാകുന്നതെന്നും ചോദിച്ചു. പാകിസ്ഥാനൊപ്പം നിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ബിജെപി രാജ്യദ്രോഹിയാണോ അല്ലയോ എന്നും എഎപി പ്രധാനമന്ത്രിയോട് ചോദിച്ചു.