Asianet News MalayalamAsianet News Malayalam

രാജസ്ഥാനിലും സർക്കാർ 'കൈ' വിട്ട് താഴേക്കോ? 'മണി പവർ' കളിക്കുന്നെന്ന് കോൺഗ്രസ്

ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംപിമാരെ സ്വന്തം ചിറകിനടിയിൽ ഒളിപ്പിക്കാൻ പാടുപെടുകയാണ് കോൺഗ്രസ്. ഇതിനിടയിലാണ് രാജസ്ഥാനിലും സർക്കാരിനെ താഴെ വീഴ്ത്താനുള്ള ശ്രമം ഊർജിതമാകുന്നത്.

rajasthan government seems to be topple down alleges congress
Author
Jaipur, First Published Jun 10, 2020, 11:49 PM IST

ജയ്‍പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വലിച്ച് താഴെയിടാൻ ശ്രമം നടക്കുന്നതായി ചീഫ് വിപ്പിന്‍റെ ആരോപണം. പണം വാരിയെറിഞ്ഞ് എംഎൽഎമാരെ 'വാങ്ങിക്കാൻ' ശ്രമം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി ആന്‍റി കറപ്ഷൻ ബ്യൂറോയ്ക്ക് കത്ത് നൽകി. അപകടം നേരത്തേ 'മണത്തറിഞ്ഞ' പാർട്ടി എംഎൽഎമാരെ എല്ലാവരെയും ജയ്‍പൂരിലെ ആഢംബര റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. 

റിസോർട്ടിലേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ നേരിട്ടെത്തി എംഎൽഎമാരെ എല്ലാവരെയും കണ്ടു. റിസോർട്ടിൽ അടിയന്തരയോഗം ചേരുകയും ചെയ്തു. ജൂൺ 19-നാണ് സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മത്സരിക്കുന്നുണ്ട്. 

നിലവിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന 12 സ്വതന്ത്രരുടെ പിന്തുണയാണ് രാജസ്ഥാനിലെ സർക്കാരിന്‍റെ ഏറ്റവും വലിയ കരുത്ത്. സ്വതന്ത്രരെ വലിച്ച് മറുചേരിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനൊപ്പം കോൺഗ്രസിലെ തന്നെ അംഗങ്ങളും സ്വന്തം ചേരി വിടാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പാർട്ടിയെ അങ്കലാപ്പിലാക്കുന്നത്. 

അഴിമതിയിലൂടെയും പണത്തിന്‍റെ അധികാരത്തിലൂടെയും 'ചില ശക്തികൾ' ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനും വലിച്ച് താഴെയിടാനും ശ്രമിക്കുകയാണെന്നും, ഇത് തടയണമെന്നുമാണ് ചീഫ് വിപ്പ് മഹേഷ് ജോഷി ആന്‍റി കറപ്ഷൻ ബ്യൂറോയ്ക്ക് നൽകിയ കത്തിന്‍റെ രത്നച്ചുരുക്കം. എന്നാൽ ഈ 'ശക്തികൾ' ആരാണെന്ന്, കത്തിൽ പരാമർശമില്ല എന്നതും ശ്രദ്ധേയം. 

''കർണാടകയെയും മധ്യപ്രദേശിനെയും പോലെ, ഇവിടെയുള്ള സർക്കാരിനെയും താഴെയിറക്കാനും തകർക്കാനും ചില ശക്തികൾ ശ്രമിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ വേണം'', എന്നാണ് കത്തിലെ പരാമർശം. പരാതി ലഭിച്ചിട്ടുണ്ടെന്നും, വേണ്ട നടപടി സ്വീകരിക്കുമെന്നും എസിബി ഡയറക്ടർ ജനറൽ അലോക് ത്രിപാഠിയും പ്രതികരിച്ചു.

എംഎൽഎമാരെ കാത്തുസൂക്ഷിച്ച് കോൺഗ്രസ്

നിലവിൽ ജയ്പൂരിലെ ആഢംബര റിസോർട്ടിൽ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും, സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ക്യാമ്പ് ചെയ്യുകയാണ്. കോൺഗ്രസ് എംഎൽഎമാരുടെയും സ്വതന്ത്രരുടെയും യോഗത്തിൽ പക്ഷേ രൺദീപ് സുർജേവാല ബിജെപിക്കെതിരെ ആഞ്ഞടിച്ചു. 

''രാജസ്ഥാനിൽ ബിജെപി നടത്തുന്ന ഈ ഗൂഢാലോചന ഫലം കാണാൻ പോകുന്നില്ല. രാജസ്ഥാനിലെ ജനങ്ങൾ ധീരരാണ്. ഭയമില്ലാത്തവരും. ഒരു തരത്തിലുള്ള പ്രലോഭനങ്ങളിലും ഞങ്ങളുടെ എംഎൽഎമാർ വീഴില്ല'', സുർജേവാല പറഞ്ഞു. പാർട്ടിയ്ക്ക് കൃത്യമായ ഭൂരിപക്ഷമുണ്ടെന്നും സുർജേവാല ആവർത്തിച്ച് വ്യക്തമാക്കി.

രാജസ്ഥാനിൽ 200 നിയമസഭാസീറ്റുകളുള്ളതിൽ 107 എണ്ണമാണ് കോൺഗ്രസിനുള്ളത്. ഇതിൽ ആറ് പേർ ബിഎസ്പി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയവരാണ്. 13 സ്വതന്ത്രരുള്ളതിൽ 12 പേരും കോൺഗ്രസിനൊപ്പമാണ്. ബിജെപിയ്ക്ക് 72 എംഎൽഎമാരാണുള്ളത്. സഖ്യകക്ഷികളെയും ഒരു സ്വതന്ത്രനെയും ചേർത്താൽ ആറെണ്ണം കൂടി ബിജെപി ക്യാമ്പിനൊപ്പം ചേർക്കാം. 

രാജ്യസഭാ തെര‌ഞ്ഞെടുപ്പിൽ എന്ത് സംഭവിക്കും?

കെ സി വേണുഗോപാലിനൊപ്പം മുതിർന്ന നേതാവായ നീരജ് ദാംഗിയെയും കോൺഗ്രസ് മൂന്നിൽ രണ്ട് സീറ്റുകളിലേക്കും നാമനിർദേശം ചെയ്തിട്ടുണ്ട്. മൂന്നിൽ രണ്ട് സീറ്റുകൾ കോൺഗ്രസും ഒരു സീറ്റ് ബിജെപിയും ജയിക്കുമെന്നാണ് കണക്കുകൂട്ടൽ. പക്ഷേ പതിവിന് വിപരീതമായി ബിജെപി ഒരു സ്ഥാനാർത്ഥിയെയല്ല, രണ്ട് സ്ഥാനാർത്ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. സ്വതന്ത്രരെയും കോൺഗ്രസിലെ തന്നെ ചില എംഎൽഎമാരെയും വല വീശിപ്പിടിക്കുക വഴി ബിജെപി ലക്ഷ്യമിടുന്നത് ഒരു വെടിയ്ക്ക് രണ്ട് പക്ഷികളെയാണെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. ഒന്ന്, സർക്കാരിനെ താഴെ വീഴ്ത്താം. രണ്ട്, ഒന്നിന് പകരം രണ്ട് രാജ്യസഭാ സീറ്റുകൾ കൈക്കലാക്കാം. 

ജയിക്കാനായി ഓരോ സ്ഥാനാർത്ഥിക്കും 51 വീതം ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ വേണം. നിലവിൽ കോൺഗ്രസിന്‍റെ സ്ഥിതി ഭദ്രമാണ്. പക്ഷേ, കോൺഗ്രസിനെ നിലവിൽ പിന്തുണയ്ക്കുന്ന 12 സ്വതന്ത്രരെ സ്വന്തം ചേരിയിലാക്കാനായാൽ കളി മാറി. കാറ്റ് ബിജെപിക്ക് അനുകൂലമായി വീശും. 

ഗുജറാത്തിൽ സമാനമായ മറുകണ്ടം ചാടൽ നടന്നേക്കാമെന്ന കണക്കുകൂട്ടലിനെത്തുടർന്ന് 19 കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗുജറാത്തിൽ കോൺഗ്രസിന് നഷ്ടമായത് ഏഴ് എംഎൽഎമാരെയാണ്. ഇതിൽ മൂന്ന് പേർ രാജി വച്ചിരുന്നു. ഇതേ പാത തന്നെ മറ്റുള്ളവരും പിന്തുടർന്നേക്കാമെന്നാണ് ആശങ്ക.

ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് നാല് സീറ്റുകളിലേക്കാണ്. ഇതിൽ ബിജെപി മൂന്നെണ്ണം നേടുമെന്ന് ഏതാണ്ടുറപ്പാണ്. കോൺഗ്രസ് ജയം ലക്ഷ്യമിടുന്നത് ഒരു സീറ്റിലാണ്. 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസിന് 65 എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 103 അംഗങ്ങളും. ഇവിടെ ഓരോ സ്ഥാനാർത്ഥിക്കും ജയിക്കാൻ 34 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ വേണം. 

ഈ വർഷം ആദ്യം മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലം പൊത്തിയിരുന്നു. കർണാടകയിലും കോൺഗ്രസിന് സർക്കാർ കൈവിട്ട് പോയത് കഴിഞ്ഞ വർഷമാണ്. 

Follow Us:
Download App:
  • android
  • ios