Asianet News MalayalamAsianet News Malayalam

കെട്ടിടനിര്‍മ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി മോഷണം; രാജസ്ഥാന്‍ സ്വദേശികൾ പിടിയിൽ

ഉപേക്ഷിച്ച നിലയില്‍ പത്ത് മൊബൈല്‍ ഫോണുകള്‍ നാങ്കനല്ലൂരിലെ ലോക്കല്‍ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയതാണ് കേസിൽ നിര്‍ണായകമായത്. 

rajasthan group arrested in chennai for theft
Author
Chennai, First Published Sep 23, 2019, 8:45 PM IST

ചെന്നൈ: ചെന്നൈയില്‍ വീട് കുത്തിതുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് കടന്ന രാജസ്ഥാന്‍ സ്വദേശികളെ മധ്യപ്രദേശില്‍ നിന്ന് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടനിര്‍മ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി പ്രദേശത്ത് ആഴ്ചകളോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു ഇവരുടെ മോഷണം. രാജസ്ഥാനിലെ ബാഗ്രി സമുദായത്തില്‍പ്പെട്ട പത്ത് പേരെയാണ് നാഗ്ഡ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്.

ചെന്നൈയിലെ നാങ്കനല്ലൂരിലെ വീട്ടില്‍ നിന്ന് മേഷ്ടിച്ച 120 പവന്‍ സ്വര്‍ണവും പണവും ഗ്രാമത്തിലേക്ക് കടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. കെട്ടിടനിര്‍മ്മാണ തൊഴിലാളികളായി എത്തി താമസം തുടങ്ങിയ ശേഷം പ്രദേശത്തെ വീടുകളില്‍ ആഴ്ചകളോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു ഇവരുടെ മോഷണം. വീട്ടുകാര്‍ പുറത്ത് പോയ സമയം നോക്കി , വീട് കുത്തിതുറന്ന് മോഷണം നടത്തിയ ശേഷം സംഘം ട്രെയിനില്‍ രാജസ്ഥാനിലേക്ക് കടന്നു.

ഉപേക്ഷിച്ച നിലയില്‍ പത്ത് മൊബൈല്‍ ഫോണുകള്‍ നാങ്കനല്ലൂരിലെ ലോക്കല്‍ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയതാണ് കേസിൽ നിര്‍ണായകമായത്. മോഷണ രീതി കണക്കിലെടുത്തും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമായിരുന്നു പൊലീസ് അന്വേഷണം. നാങ്കനല്ലൂരില്‍ നിന്ന് ചെന്നൈ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതികള്‍ രണ്ട് ഓട്ടോകളിലായാണ് എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

ഓട്ടോഡ്രൈവറുടെ സഹായത്തോടെ തയ്യാറാക്കിയ രേഖാചിത്രങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസാണ് പ്രതികളെ പിടികൂടിയത്. 'ബാവറിയ' ഗ്യാങ് എന്നറിയപ്പെടുന്ന ഇത്തരം മോഷ്ടാക്കള്‍ വിവിധ സംഘങ്ങളായി തമ്പടിച്ച് മോഷണം നടത്തുന്നത്. സംശയാസ്പതമായ രീതിയില്‍ ചെന്നൈയില്‍ ജോലിക്കെത്തിയ ഉത്തരേന്ത്യന്‍ സ്വദേശികളെ നിരീക്ഷിക്കാന്‍ അഡീഷണൽ കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Follow Us:
Download App:
  • android
  • ios