രാജസ്ഥാനിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽക്കൈ. ബിജെപി 4,179 വാർഡുകൾ പിടിച്ചെടുത്തു. പ്രതിപക്ഷമായ കോൺഗ്രസിന് 3,614 വാർഡുകളിലാണ് വിജയം. 2,273 വാർഡുകളിൽ വിജയിച്ച് സ്വതന്ത്രന്മാരുടെ മുന്നേറ്റം.
ജയ്പൂർ: രാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് മേൽക്കൈ. തെരഞ്ഞെടുപ്പ് നടന്ന 10,244 വാർഡുകളിൽ 10,235 വാർഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ബിജെപി 4,179 വാർഡുകൾ പിടിച്ചെടുത്തു. പ്രതിപക്ഷമായ കോൺഗ്രസിന് 3,614 വാർഡുകളിലാണ് വിജയം. 2,273 വാർഡുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ പിടിച്ചെടുത്തത് ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളിയായി. സ്വതന്ത്രന്മാരുടെ വിജയം പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണ-പ്രതിപക്ഷ പാർട്ടികൾക്ക് കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെടാനും കാരണമായി.
സംസ്ഥാനത്തെ 10 മുനിസിപ്പൽ കോർപറേഷനുകളിൽ നാലിടത്ത് ബിജെപി ഭരണം ഉറപ്പിച്ചു. ജയ്പൂർ, ഭിൽവാര, കോട്ട, ഉദയ്പൂർ എന്നിവിടങ്ങളിലാണ് ബിജെപി മേൽക്കൈ നേടിയത്. അൽവാർ മുനിസിപ്പൽ കോർപറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അതേസമയം ബിക്കാനീർ, അജ്മീർ കോർപറേഷനുകളിൽ 36 വർഷം നീണ്ട ബിജെപി ഭരണം കോൺഗ്രസ് അവസാനിപ്പിച്ചു. ബിക്കാനീറിലെ നോക്ക മുനിസിപ്പാലിറ്റിയിൽ ചരിത്രത്തിൽ ആദ്യമായി സിപിഎം ഭരണം പിടിച്ചെടുത്തു. 47 മുനിസിപ്പൽ കൗൺസിലുകളിൽ 11 ഇടത്ത് ബിജെപി വിജയിച്ചു. കോൺഗ്രസ് ആറിടത്തും മറ്റുള്ളവർ നാലിടത്തും വിജയിച്ചു. ഫത്തേപൂരിൽ കോൺഗ്രസും സ്വതന്ത്ര സ്ഥാനാർത്ഥിയും ഒപ്പത്തിനൊപ്പമെത്തി.
ഭജൻ ലാൽ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൻ്റെ ഭരണം മൂന്നു വർഷത്തോട് അടുക്കുമ്പോഴാണ് സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന് വേദിയായത്. ബിജെപിക്ക് മേൽക്കൈ നേടാനായെങ്കിലും സമ്പൂർണ ആധിപത്യം എന്ന പാർട്ടി ലക്ഷ്യം ഏറെ അകലെയാണ്. പകുതിയിൽ കൂടുതൽ വാർഡുകളിൽ പോലും പാർട്ടിക്ക് വിജയിക്കാനായില്ല. 2028ൽ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്.
മുനിസിപ്പൽ കോർപറേഷനുകളായ അജ്മീർ, ഭിൽമാര, ഉദയ്പൂർ, പാലി, ബിക്കാനീർ, ഭരത്പൂർ, ജയ്പൂർ, അൽവാർ, ജോധ്പൂർ, കോട്ട എന്നിവിടങ്ങളിൽ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ നേരിട്ടെത്തി പ്രചാരണം നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മുനിസിപ്പൽ കൗൺസിലായ ഭരത്പൂരിൽ ബിജെപി 20 വാർഡുകളിൽ ഒതുങ്ങി. സ്വതന്ത്രർ 36 വാർഡുകൾ പിടിച്ചെടുത്തു. കോൺഗ്രസ് ആറിടത്തും വിജയിച്ചു. മുൻ മുഖ്യമന്ത്രി വസുന്തര രാജെയുടെ ശക്തികേന്ദ്രങ്ങളായ ഝൽവാർ, ബാരൻ എന്നീ മുനിസിപ്പൽ കൗൺസിലുകളിൽ നാല് പതിറ്റാണ്ടിന് ശേഷം ബിജെപിക്ക് ഭരണം നഷ്ടമായി. ഝൽവാറിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബാരനിൽ ആം ആദ്മി പാർട്ടി മുന്നേറ്റം നടത്തി. അതേസമയം മുതിർന്ന നേതാവ് സച്ചിൻ പൈലറ്റിൻ്റെ ജന്മനാട്ടിൽ കോൺഗ്രസിന് മേൽക്കൈ നേടാനായെങ്കിലും മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിൻ്റെ ശക്തികേന്ദ്രമായ ജോധ്പൂരിൽ തിരിച്ചടി നേരിട്ടു.
10 പോളിങ് സ്റ്റേഷനുകളിൽ റീപോളിങ്
സംസ്ഥാനത്തെ 10 പോളിങ് സ്റ്റേഷനുകളിൽ റീപോളിങ് പ്രഖ്യാപിച്ചു. ജയ്പൂർ, ജോധ്പൂർ, കോട്ട, സുകേത് എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 16ന് രാവിലെ ഏഴുമണിമുതൽ വൈകുന്നേരം ആറുമണിവരെ വോട്ടെടുപ്പ് നടക്കും. സെപ്റ്റംബർ 17ന് വോട്ടെണ്ണൽ നടക്കും. ഇക്കഴിഞ്ഞ ഒൻപത്, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. സംസ്ഥാനത്തെ 10 മുനിസിപ്പൽ കോർപറേഷനുകൾ, 47 മുനിസിപ്പൽ കൗൺസിലുകൾ, 252 മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്.


