ജയ്പുര്‍: അമ്മയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു.രാജസ്ഥാനിലെ കോട്ടയിലെ ശിവ്പുര സ്വദേശിയായ 50 വയസുകാരനാണ് അറസ്റ്റിലായത്. 75 വയസായ അമ്മയുടെ നഗ്നചിത്രങ്ങളാണ് ഇയാള്‍ വാട്‌സാപ്പ് വഴി ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയത്. അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

വീടിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് അമ്മയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് പ്രതി ഈ ഹീന പ്രവർത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു. 20 ദിവസം മുമ്പാണ് പ്രതിയുടെ പിതാവ് മരിച്ചത്. ഇതിന് പിന്നാലെ വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി മകനും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായി.

മെയ് 13 ന് മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള പൂജയ്ക്ക് പ്രതി വീട്ടിലെത്തി. പിന്നാലെ ചില രാസവസ്തുക്കള്‍ അഗ്നികുണ്ഡത്തില്‍ തളിച്ച് തീ അണയ്ക്കുകയും അമ്മയുടെ ദേഹത്തേക്ക് അവ ഒഴിക്കുകയും ചെയ്തു. ശേഷം അമ്മ വസ്ത്രം മാറാൻ പോയ സമയത്ത് ഇയാൾ രഹസ്യമായി ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഈ ചിത്രങ്ങള്‍ പിന്നീട് വാട്‌സാപ്പ് വഴി ബന്ധുക്കള്‍ക്ക് അയച്ച് നല്‍കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. 

ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കാര്യങ്ങൾ മനസിലാക്കിയ അമ്മ മകനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.