ജയ്പൂർ: നോട്ട് നിരോധനത്തെ കുറിച്ച് സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്ന ഭാ​ഗം നീക്കം ചെയ്ത് രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാർ. പുതുക്കിയ പാഠപുസ്തകങ്ങൾ എത്രയും വേ​ഗം കുട്ടികൾക്ക് ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസാര മാധ്യമങ്ങളോട് പറഞ്ഞു.

'നോട്ട് നിരോധനം പരാജയപ്പെട്ട ഒരു പരീക്ഷണമായിരുന്നു. മൂന്ന് ലക്ഷ്യങ്ങളാണ് നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ചത്. ഭീകരവാദം, അഴിമതി, കള്ളപ്പണം എന്നിവ അവസാനിപ്പിക്കുക. എന്നാൽ അതിന് അദ്ദേഹത്തിന് സാധിച്ചില്ല. പകരം പൊതുജനങ്ങൾ ക്യൂവിൽ നിൽക്കേണ്ട അവസ്ഥ മാത്രമാണ് ഉണ്ടായത്. ഇതിലൂടെ 10,000 കോടി രൂപയുടെ അധിക ബാധ്യത രാജ്യത്തിന് ഉണ്ടായി'- മന്ത്രി പറഞ്ഞു

സംസ്ഥാനത്തെ മുൻ ബിജെപി സർക്കാർ 12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിൽ 2017ലാണ് നോട്ട് നിരോധനം ഉൾപ്പെടുത്തിയത്.  500, 1000 നോട്ടുകള്‍ അസാധുവാക്കിയുള്ള മോദി സർക്കാരിന്റെ നടപടി ചരിത്രവും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനവും ആണെന്നാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്നും മന്ത്രി പറഞ്ഞു.

എട്ടാം ക്ലാസിലെ ഇം​ഗ്ലീഷ് പാഠപുസ്‌കത്തില്‍ ജോഹര്‍ (സതി) അനുഷ്ഠിക്കുന്ന സ്ത്രീകളെ വിവരിക്കുന്ന ചിത്രം കൊടുത്തിരുന്നതും സർക്കാർ നീക്കം ചെയ്തിട്ടുണ്ട്. ഇത്തരമൊരു ചിത്രം ഈ കാലത്ത് എന്ത് സന്ദേശമാണ് കുട്ടികൾക്ക്  നല്‍കുന്നതെന്നും മന്ത്രി ചോദിച്ചു.

അതേസമയം വീർ സവർക്കർ ബ്രിട്ടീഷ് സർക്കാരിന് എഴുതി നൽകിയ മാപ്പപേക്ഷ വിദ്യാർത്ഥികളുടെ സ്വാതന്ത്യ ചരിത്ര പാഠഭാഗത്തിൽ ഉൾക്കൊള്ളിക്കാൻ സിലബസ് റിവിഷൻ കമ്മിറ്റി രാജസ്ഥാൻ സർക്കാരിനോട് ശുപാർശ ചെയ്തു. സവർക്കറിന്റെ പേരിന് മുന്നിലെ 'വീർ' എന്ന പദം ഒഴിവാക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. പത്താം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിലാണ് മാറ്റങ്ങൾ. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സവർക്കറാണെന്നും 1910 ൽ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത സവർക്കർ തന്റെ 50 വർഷത്തെ ജയിൽ ശിക്ഷ ഇളവ് ചെയ്ത് കിട്ടാൻ മാപ്പപേക്ഷിച്ചതും പാഠത്തിൽ ഉണ്ടാകും. 

അതേസമയം കോൺ​ഗ്രസ് സർക്കാരിന്റെ നടപടിക്കെതിരെ ബിജെപി രം​ഗത്തെത്തി. ഹിന്ദുത്വവാദികളായ രാജ്യസ്നേഹികളെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ബിജെപി ആരോപിച്ചു.