ദില്ലി: രാജസ്ഥാൻ കോൺഗ്രസിൽ ഹൈക്കമാന്റിന്റെ നേതൃത്വത്തിൽ തിരക്കിട്ട അനുനയ നീക്കങ്ങൾ. സച്ചിൻപൈലറ്റ് തിരിച്ചെത്തിയതിൽ അസ്വസ്ഥരായ അശോക് ഗലോട്ട് പക്ഷത്തെ എംഎൽഎമാരെ അനുനയിപ്പിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമങ്ങളാരംഭിച്ചത്. വിശ്വാസ വോട്ടെടുപ്പ് വരെ എംഎൽഎമാരെ റിസോര്‍ട്ടുകളിൽ തന്നെ താമസിപ്പിക്കും. 

എംഎൽഎമാരുടെ .യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാളെ നടക്കുന്ന യോഗത്തിൽ കെസി വേണുഗോപാൽ പങ്കെടുക്കും. അതൃപ്തരായ അശോക് ഗെലോട്ട് അണികളെ വരുതിയിലാക്കാനാണ് നീക്കം നടക്കുന്നത്. 

ഇതിനിടെ സച്ചിൻ പൈലറ്റിനെതിരെയുള്ള പരാമർശത്തിൽ ക്ഷമ ചോദിച്ച് അശോക് ഗലോട്ട് രംഗത്തെത്തിയിട്ടുണ്ട്. സച്ചിൻ പൈലറ്റിനെ കൊള്ളരുതാത്തവൻ എന്ന് വിളിച്ചതിനാണ് ഗലോട്ട് ക്ഷമ ചോദിച്ചത്. പരാമർശങ്ങൾ എല്ലാം മറന്ന് മുന്നോട്ടു പോകണമെന്ന് സച്ചിൻ പൈലറ്റിനോട് ഗലോട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്