അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിലേതിന് സമാനമായി ഇന്ത്യയിലും സൈനികർക്ക് അവരർഹിക്കുന്ന ആദരവ് മരണ ശേഷവും ലഭിക്കണമെന്ന് ഒരു പതിറ്റാണ്ട് മുമ്പ് തന്നെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു...
ദില്ലി: രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ചവരെ ഓർക്കാൻ കേന്ദ്രം പണി കഴിപ്പിച്ച സ്മൃതി മന്ദിരമാണ് നാഷണൽ വാർ മെമ്മോറിയൽ. അമർ ജവാൻ ജ്യോതിയിൽ കെടാതെ കത്തുന്ന ദീപം വാർ മെമ്മോറിയലിലെ ദീപത്തിലേക്ക് ലയിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർ പണിതതാണ് അമർ ജവാൻ ജ്യോതിയെന്നും അതിൽ സ്വതന്ത്ര ഇന്ത്യയ്ക്കായി പോരാടി വീരചരമമടഞ്ഞ ജവാന്മാരുടെ പേരുകളില്ലെന്നും എന്നാൽ വാർ മെമ്മോറിയലിൽ രാജ്യത്തിനായി പോരാടിമരിച്ച സൈനികരുടെ പേരുകൾ ആലേഖനം ചെയ്തിരിക്കുന്നുവെന്നും കേന്ദ്രം പറയുന്നു.
ഏഴ് പതിറ്റാണ്ടായിട്ടും രാജ്യത്തെ സൈനികർക്കായി സ്മൃതി മന്ദിരം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സാധ്യമായിരിക്കുന്നു. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിലേതിന് സമാനമായി ഇന്ത്യയിലും സൈനികർക്ക് അവരർഹിക്കുന്ന ആദരവ് മരണ ശേഷവും ലഭിക്കണമെന്ന് ഒരു പതിറ്റാണ്ട് മുമ്പ് തന്നെ അന്നത്ത രാജ്യസഭാംഗവും നിലവിൽ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
2009 ഓഗസ്റ്റ് നാലിന്, അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കത്തയച്ചു. ഇത്ര വർഷമായിട്ടും നാഷണൽ മിലിറ്ററി മെമ്മോറിയൽ സ്ഥാപിക്കാനാകാത്തതിൽ രാജ്യത്തെ ജനങ്ങളെന്ന നിലയിൽ നമ്മളോരോരുത്തരും ലജ്ജിക്കേണ്ടതുണ്ടെന്ന് പ്രതിരോധമന്ത്രിക്കയച്ച കത്തിൽ രാജീവ് ചന്ദ്രശേഖർ കുറിച്ചു. ''അത്തരത്തിൽ ഒരു സ്മൃതി മന്ദിരത്തിന് സ്ഥലം ഏറ്റെടുക്കുക എന്നത് ഒരു വലിയ പ്രശ്നമാണെന്ന് എനിക്ക് മനസ്സിലാകും. അതിനാൽ ഞാൻ പറയട്ടേ, കേന്ദ്ര സർക്കാരിന് യമുനാ നദിയുടെ തീരത്ത് ഈ സ്മൃതി മന്ദിരം പണിയാവുന്നതാണ്. 50 മുതൽ 60 ഏക്കർ വരെ സ്ഥലത്ത് വാർ മെമ്മോറിയൽ എന്ന പോലെ ഒരു നാഷണൽ മിലിറ്ററി മെമ്മോറിയൽ പാർക്ക് സ്ഥാപിക്കാവുന്നതാണ്'' - അദ്ദേഹം കത്തിൽ പറഞ്ഞു. സ്മൃതി മന്ദിരത്തിനുള്ള ചില നിർദ്ദേശങ്ങളും ഡിസൈനുകളും അദ്ദേഹം എ കെ ആന്റണിക്ക് അയച്ച കത്തിനൊപ്പം നൽകിയിരുന്നു.
കത്ത് വായിച്ച എ കെ ആന്റണി, രാജീവ് ചന്ദ്രശേഖറിന് മറുപടിയും നൽകി. വിഷയം മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും നാഷണൽ വാർ മെമ്മോറിയലിന് സ്ഥലം നിശ്ചയിക്കാൻ മന്ത്രിമാരടങ്ങിയ സംഘത്തെ സർക്കാർ ഇതിനോടകം നിശ്ചയിച്ചിട്ടുണ്ടെന്നും ആന്റണി നൽകിയ മറുപടി കത്തിൽ പറയുന്നു.
