കൊറോണ വൈറസിനെതിരായ രാജ്യത്തിന്‍റെ പോരാട്ടം പുരോഗമിക്കുന്നതിന് ഇടയിലാണ്  രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 2019 മെയ് 30നാണ് മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരമേല്‍ക്കുന്നത്. ഏറെകാലത്തിന് ശേഷം കേവലഭൂരിപക്ഷം തനിച്ച് സ്വന്തമാക്കാനായ പാര്‍ട്ടിയുടെ അമരത്ത് നരേന്ദ്രമോദിയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷമായ ആരോപണങ്ങളെ ശക്തമായി നേരിട്ടായിരുന്നു മോദിയുടെ നേട്ടമെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി.

പല സംസ്ഥാനങ്ങളിലും ഈ നേട്ടം തുടരാന്‍ ബിജെപിക്ക് സാധിച്ചതിന് പിന്നിലും മോദിയുടെ പ്രഭാവമായിരുന്നു. ദശാബ്ദങ്ങളായി മറ്റ് സര്‍ക്കാരുകള്‍ക്ക് ചെയ്യാനാവാത്ത നടപടികളിലൂടെയാണ് അധികാരത്തിലെ രണ്ടാം വരവ് മോദി തുടങ്ങിയത്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞു, പൌരത്വ നിയമ ഭേദഗതി, തീവ്രവാദത്തിനെതിരായ കര്‍ശന നിയമങ്ങള്‍ തുടങ്ങി അമേരിക്കന്‍ പ്രസിഡന്റുമായി ചരിത്രപരമായ കൂടിക്കാഴ്ച നടത്താനും നരേന്ദ്ര മോദിക്ക് സാധിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ അല്‍പം പോലും കാലതാമസം മോദി സര്‍ക്കാര്‍ വരുത്തിയില്ല.

അപ്രതീക്ഷിതമായി എത്തിയ കൊറോണ മഹാമാരിക്കിടയിലും മോദി സര്‍ക്കാര്‍ മികച്ച നേതൃത്വമാണ് കാഴ്ചവച്ചത്. ലോക്ക്ഡൌണ്‍ കാലത്ത് രാജ്യത്തെ ജനങ്ങളെ സംയമനത്തോടെ നയിക്കാനും മോദി സര്‍ക്കാരിന് സാധിച്ചു. ലോക്ക്ഡൌണില്‍ സാരമായ നഷ്ടം നേരിട്ട സാധാരണക്കാര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ബാങ്കിലൂടെ സര്‍ക്കാര്‍ പണമെത്തിച്ചു. ഇടനിലക്കാരിലൂടെ പണം നഷ്ടമാകാത്ത രീതിയിലായിരുന്നു ഇതെല്ലാം നടപ്പിലാക്കിയത്. ആളുകള്‍ക്ക് ശുചിത്വത്തേക്കുറിച്ച് കൃത്യമായ അവബോധമുണ്ടാക്കാന്‍ സ്വച്ഛ് ഭാരത് മിഷന് സാധിച്ചു. പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ പദ്ധതി, ഉജ്വല, ജന്‍ ഔഷധി പദ്ധതികള്‍ സാധാരണക്കാര്‍ക്ക് മഹാമാരിക്കിടെ ഏറെ സഹായകരമായി.

കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിനുകളും വന്ദേഭാരത് മിഷനും മഹാമാരിക്കാലത്ത് മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന്‍റെ മികവാണ്. മഹാമാരി മറ്റ് രാജ്യങ്ങളെ പിടിച്ച് ഉലച്ചപ്പോള്‍ മരണ സംഖ്യയില്‍ ഇന്ത്യയില്‍ വലിയ കുറവാണ് കാണാനായത്. ഇത് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിന്‍റെ ഫലമാണ്. വലിയ ജനാധിപത്യരാജ്യമായ ഇന്ത്യക്ക് നരേന്ദ്ര മോദിയേപ്പോലുള്ള ഒരു നേതാവിനെക്കൊണ്ട് മാത്രമാണ് സാമ്പത്തിക രംഗം, തൊഴില്‍,ഉപജീവനം തുടങ്ങിയ മേഖലകളെ ശക്തമായി നയിക്കാന്‍ സാധിക്കൂ. മഹാമാരിക്കിടയിലും രാജ്യത്തേക്ക് അതിക്രമിച്ച് കടക്കാനുള്ള ചൈനയുടേയും പകിസ്ഥാന്‍റേയും ശ്രമങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കഴിഞ്ഞതും നരേന്ദ്ര മോദിയെന്ന് നേതാവിന്‍റെ നേട്ടമാണ്- രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ലേഖനത്തില്‍ പറയുന്നു.