തൊഴിൽ പരിസരത്തെ പ്രശ്നങ്ങളിൽ ഉടൻ ഇടപെട്ട ആപ്പിളിന്റേത് മികച്ച തീരുമാനമെന്ന് രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു. 

ദില്ലി: ചെന്നൈയിലെ ഐ ഫോൺ (iPhone) നിർമ്മാണ ഫാക്ടറിയായ ഫോക്സ്കോൺ ഇന്ത്യയിൽ (Foxconn India) ഭക്ഷ്യ സുരക്ഷാ, താമസസൗകര്യം എന്നിവ ഉറപ്പാക്കാൻ സ്വതന്ത്ര ഓഡിറ്റ‍ർമാരെ ചുമതലപ്പെടുത്തിയതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖ‍ർ (Rajeev Chandrasekhar). ശ്രീപെരുമ്പുത്തൂരിലെ ഫോക്സ്കോൺ കമ്പനിയിൽ ഉണ്ടായ ഭക്ഷ്യവിഷബാധയിൽ 150 ലേറെ തൊഴിലാളികൾ ആശുപത്രിയിലായതിന് പിന്നാലെയുണ്ടായ പ്രതിഷേധത്തെ തുട‍ർന്നാണ് പുതിയ തീരുമാനം. 

തൊഴിൽ പരിസരത്തെ പ്രശ്നങ്ങളിൽ ഉടൻ ഇടപെട്ട ആപ്പിളിന്റേത് മികച്ച തീരുമാനമെന്ന് രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു. ഫോക്സ്കോൺ ഇന്ത്യ സംഭവത്തിൽ ഉടൻ വേണ്ട നടപടിയെടുക്കുമെന്നും ഉയ‍ർച്ചകൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേ‍ർത്തു. 

Scroll to load tweet…

"ജീവനക്കാർക്കായി ഉപയോഗിക്കുന്ന ചില ഡോർമിറ്ററി താമസസൗകര്യങ്ങളും ഡൈനിംഗ് റൂമുകളും ആവശ്യകതകൾ നിറവേറ്റുന്നില്ലെന്ന് ഞങ്ങൾ കണ്ടെത്തി, ഞങ്ങളുടെ വിതരണക്കാരുമായി ചേ‍ന്ന് വേണ്ട നടപടികൾ എടുത്ത് ഉടൻ നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തും. - ആപ്പിൾ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. വീണ്ടും തുറന്ന് പ്രവ‍ർത്തിക്കുന്നതിന് മുമ്പ് കമ്പനിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും തുട‍ർച്ചയായി നിരീക്ഷിക്കുമെന്നും വക്താവ് പറഞ്ഞു. 

20000 ഓളം പേ‍ർ ജോലി ചെയ്യുന്ന കമ്പനിയിൽ കൂടുതൽ പേ‍ർ സ്ത്രീകളാണ്. 17 ഹോസ്റ്റലുകളാണ് കമ്പനിക്കുള്ളത്. ഇതിൽ ഓരോ മുറിയിലും 12 പേരാണ് താമസം. ഇതിലൊരു ഹോസ്റ്റലിലാണ് ഭക്ഷവിഷബാധയുണ്ടായത്. ചെന്നൈ - ബെം​ഗളുരു ​ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചാണ് സംഭവത്തിൽ ഫോക്സ്കോൺ ജീവനക്കാരും അവരുടെ ബന്ധുക്കളും പ്രതിഷേധിച്ചത്. എട്ട് പേരോളം മരിച്ചുവെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.